ന്യൂഡല്‍ഹി: പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി സിഖ് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നുവെന്നുവെന്ന് ആഭ്യന്തരമന്ത്രാലയം. ഇന്ത്യയ്ക്ക് പുറത്തുള്ള സിഖ് വംശജരെയാണ് തീവ്രവാദത്തിനായി ഐഎസ് ഉപയോഗിക്കുന്നത്. കാനഡയിലും മറ്റും സ്ഥിരതാമസമാക്കിയ സിഖ് വിഭാഗക്കാരെ  ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റ് സമിതിയെ അറിയിച്ചു.

കേന്ദ്ര സായുധ സേനയും ആഭ്യന്തര സുരക്ഷാ വെല്ലുവിളികളും  എന്ന തലക്കെട്ടോടു കൂടിയ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

'സിഖ് യുവാക്കള്‍ക്ക് ഐഎസ്‌ഐ സൗകര്യങ്ങളൊരുക്കി പാകിസ്താനില്‍ പരിശീലനം നല്‍കുന്നു. തൊഴില്‍ രഹിതരായ യുവാക്കള്‍, ജയിലിലാക്കപ്പെട്ട കേഡര്‍മാര്‍, ക്രിമിനലുകള്‍, കള്ളക്കടത്തുകാര്‍ എന്നിവരെ ഉപയോഗിച്ച് പാകിസ്താന്‍ ആസ്ഥാനമായുള്ള സിഖ് ടെറര്‍ ഗ്രൂപ്പ്  തീവ്രവാദി ആക്രമണം നടത്താന്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നു. ചോദ്യം ചെയ്യലുകള്‍ ഇത് വെളിപ്പെടുത്തിയിട്ടുണ്ട്' - റിപ്പോര്‍ട്ടില്‍ പറയുന്നു.

പഞ്ചാബിലും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും തീവ്രവാദി ആക്രമണങ്ങള്‍ നടത്താന്‍ ഐഎസ്ഐ കോപ്പുകൂട്ടുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ഇത്തരം തീവ്രവാദ ഗ്രൂപ്പുകള്‍ സാമൂഹിക മാധ്യമങ്ങളെ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു