ചണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ നിന്ന് പാകിസ്താനിലേക്ക് തീര്‍ത്ഥയാത്രക്ക് പോയ സംഘത്തില്‍ നിന്നും കാണാതായ സിഖ് വനിത മതം മാറി പാകിസ്താന്‍ കാരനെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലമര്‍ന്നാല്‍ തന്റെ മരുമകള്‍ പുനര്‍വിവാഹത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിധേയമാവുമെന്ന തര്‍സേം സിങ്ങിന്റെ ആശങ്കകള്‍ക്കിടെയാണ് വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

കിരണ്‍ ബാലയെ ഏപ്രില്‍ 12 നാണ് കാണാതാവുന്നത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇവര്‍ പാകിസ്താനിലേക്ക് പോവുന്നത്. ഏപ്രില്‍ 21വരെയായിരുന്നു വിസാ കാലാവധി. 

മൂന്ന് കുട്ടികളുടെ അമ്മയും വിധവയുമായ കിരണ്‍ ബാല ഭര്‍തൃവീട്ടുകാരോടൊപ്പം പഞ്ചാബിലെ ഗര്‍ശങ്കറിലായിരുന്നു താമസം. കുട്ടികള്‍ ഇപ്പോള്‍ അവര്‍ക്കൊപ്പമാണ്.

കിരണ്‍ ബാല പാകിസ്താനിലെ ദാറുല്‍ അലൂം ജാമിയ നയീമിയയില്‍ വെച്ച് ഇസ്ലാംമതം സ്വീകരിക്കുകയും മുഹമ്മദ് അസാമിനെ നിക്കാഹ് കഴിക്കുകയും ചെയ്തുവെന്നാണ് ഒരു പാകിസ്താന്‍ മാധ്യമം റിപ്പോര്‍ട്ട ചെയ്തത്. എന്നാല്‍ വിസാ കാലാവധി നീട്ടാന്‍ ഇവര്‍ നല്‍കിയ അപേക്ഷയില്‍ അംനാ ബീബി എന്നാണ് പേരെന്നും ആമിനാ എന്നാണ് ഒപ്പിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്താന്‍ വിദേശ കാര്യ മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ച വിസാ കാലാവധി നീട്ടാനുള്ള അപേക്ഷയില്‍ ഇന്ത്യയില്‍ തനിക്കതിരേ വധഭീഷണിയുണ്ടെന്ന കാരണമാണ് ഇവര്‍ നിരത്തിയിരിക്കുന്നത്.

കിരണിന്റെ ചിത്രവും വിസാ കാലാവധി നീട്ടാനുള്ള അപേക്ഷയുമെല്ലാം വാര്‍ത്തയോടൊപ്പം നല്‍കിയിട്ടുണ്ട്.

പാകിസ്താനിലെ സിഖ് തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ 1700 തീര്‍ഥാടകരാണ് ഏപ്രില്‍ 13ന് ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് പോയിട്ടുള്ളത്.സിഖ് സമുദായത്തിന് പ്രാധാന്യം കല്‍പിക്കുന്ന ബൈശാഖി ദിവസമായിരുന്നു തീര്‍ഥാടനം. 

തന്റെ മരുമകള്‍ക്കെന്താണ് സംഭവിച്ചതെന്ന ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അവള്‍ സുരക്ഷിതമായി തിരിച്ചെത്താന്‍ കാത്തിരിക്കുകയാണെന്നുമാണ് ഭര്‍തൃപിതാവും സിഖ് പുരോഹിതനുമായ തര്‍സേം സിങ് പറയുന്നത്.

കഴിഞ്ഞ ഒരുമാസക്കാലമായി കിരണ്‍ ഫെയ്സ്ബുക്ക് അമിതമായി ഉപയോഗിച്ചിരുന്നുവെന്നും അതിലൂടെയാവാം പാകിസ്താന്‍കാരനെ പരിചയപ്പെട്ടതെന്നും തര്‍സേം ആരോപിക്കുന്നു.

content highlights: Sikh woman pilgrim converts to Islam and remarries Pakistani