ന്യൂഡൽഹി: രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്ന കോവിഡ് വാക്സിൻ ആദ്യ ഡോസിൽ നിന്ന് വ്യത്യസ്തമായാലും കാര്യമായ പ്രതികൂല ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് കേന്ദ്രം. വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരത്തിൽ വാക്സിൻ നൽകുന്ന കാര്യം പരിഗണനയിലാണെന്നും ദേശീയ കോവിഡ് വാക്സിനേഷൻ വിദഗ്ധ സമിതി അധ്യക്ഷൻ ഡോ വികെ പോൾ വ്യക്തമാക്കി.

ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ 20ഓളം ഗ്രാമവാസികൾക്ക് രണ്ടാമത്തെ ഡോസ് വാക്സിൻ മാറിനൽകിയ വിവാദ സംഭവത്തിന് പിന്നാലെയാണ് ഡോ വികെ പോളിന്റെ പ്രതികരണം. രണ്ട് വ്യത്യസ്ത ഡോസുകൾ നൽകുന്നതിൽ കൂടുതൽ ശാസ്ത്രീയ വിലയിരുത്തലുകളും പരിശോധനയും ആവശ്യമാണ്. എന്നാൽ രണ്ട് തവണയായി രണ്ട് വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കുന്നതിൽ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മേയ് 14നാണ് ആദ്യ ഡോസായി കോവിഷീൽഡ് സ്വീകരിച്ച യുപിയിലെ 20 ഗ്രാമവാസികൾക്ക് രണ്ടാമത്തെ ഡോസായി കോവാക്സിൻ മാറിനൽകിയത്. അതേസമയം വാക്സിനുകൾ കൂടികലർത്തി നൽകാനുള്ള ഒരു നിർദേശവും നൽകിയിട്ടില്ലെന്നും ഇത് ആരോഗ്യപ്രവർത്തകരുടെ വീഴ്ചയാണെന്നും സിദ്ധാർഥ് നഗർ ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ സന്ദീപ് ചൗധരി വ്യക്തമാക്കി. സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

രണ്ട് വ്യത്യസ്ത കോവിഡ് വാക്സിനുകൾ കലർത്തി നൽകുന്നത് സംബന്ധിച്ച കാര്യങ്ങളിൽ ആഗോളതലത്തിൽ ഗവേഷണങ്ങൾ നടന്നുവരുകയാണ്.

content highlights:"Significant Effect Unlikely If Doses Mixed": Centre After UP Mix-Up