നവ്ജോത് സിങ് സിദ്ദു | Photo: PTI
ചണ്ഡീഗഡ്: പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പി.സി.സി അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദുവും തമ്മിലുള്ള പോരിന് ശമനമില്ല. അമരീന്ദറിന്റെ എതിര്‍പ്പ് മറികടന്ന് സംസ്ഥാന കോണ്‍ഗ്രസിന്റെ തലപ്പത്തെത്തിയ സിദ്ദു ഇന്ന് തന്റെ ആദ്യ പൊതുയോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധനചെയ്യുന്നതിനായി അമൃത്‌സറില്‍ എത്തും.
സിദ്ദുവിന്റെ മണ്ഡലമുള്‍പ്പെടുന്ന അമൃത്‌സറില്‍ പുതിയ അധ്യക്ഷനെ സ്വീകരിക്കാനായി ബാനറുകളും ഫ്‌ളക്‌സുകളും നിരന്നുകഴിഞ്ഞു. അതേസമയം മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് ഇന്ന് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കുമായി ഒരുക്കുന്ന വിരുന്ന് സല്‍ക്കാരത്തിലേക്ക് സിദ്ദുവിനെ ക്ഷണിച്ചിട്ടില്ല. പാര്‍ട്ടി അധ്യക്ഷനായി നിയമിതനായ സിദ്ദുവിനെ മൂന്ന് ദിവസം പിന്നിട്ടിട്ടും അനുമോദിക്കാന്‍ ക്യാപ്റ്റന്‍ ഇനിയും തയ്യാറായിട്ടുമില്ല.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ അമൃത്‌സറില്‍ സിദ്ദുവിന് സ്വീകരണമൊരുക്കിയിട്ടുണ്ട്. ഇതിന് ശേഷമാണ് പൊതുയോഗം നടക്കുക. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചെറിയ യോഗമാണ് നടക്കുകയെന്നാണ് പാര്‍ട്ടി നല്‍കുന്ന വിവരം. അമൃത്സര്‍ സൗത്ത് എംഎല്‍എ ഒഴികെ മേഖലയിലെ മറ്റെല്ലാ എം.എല്‍.എമാരും അമരീന്ദറിന് ഒപ്പമാണ്.
പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി നിയമിതനായ ശേഷം ഭൂരിപക്ഷം എംഎല്‍എമാരും മന്ത്രിമാരും സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ക്യാപ്റ്റനുമായി ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങളുടെ മുന്നോട്ടുപോക്ക് എങ്ങനെയാണ് മാറിമറിയുക എന്ന് കാത്തിരുന്ന് കാണേണ്ടി വരും.
സംസ്ഥാനത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ യുഗപ്പിറവിയാണോ അതോ ഉള്‍പ്പാര്‍ട്ടി പോര് കടുക്കുകയാണോ എന്നതും വരും ദിവസങ്ങളില്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അമരീന്ദറിന്റെ എതിര്‍പ്പ് മറികടന്ന് സിദ്ദുവിനെ നിയമിച്ചതില്‍ അദ്ദേഹത്തിന് കടുത്ത വിയോജിപ്പുണ്ട്. ഇന്ന് ഒരുക്കുന്ന വിരുന്നില്‍ നേതാക്കളോട് അമരീന്ദര്‍ എന്ത് സന്ദേശമാണ് നല്‍കാനുദ്ദേശിക്കുന്നതെന്നതും പ്രധനമാണ്.
അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഉള്‍പ്പാര്‍ട്ടി പോര് കനക്കുന്നത് അധികാരത്തില്‍ തുടരാനുള്ള സാധ്യതകളെ ബാധിക്കുമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. ആംആദ്മി പാര്‍ട്ടിയുള്‍പ്പെടെ സംസ്ഥാനത്ത് അനൗദ്യോഗികമായി പ്രചാരണം ശക്തമാക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി പോര് കീറാമുട്ടിയായി തുടരുന്നത്.
Content Highlights: Sidhu to address congress workers in Amritsar as Amarinder still silent on Sidhu`s new role
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..