സിദ്ദു, അമരീന്ദർ സിങ് (ഫയൽ ചിത്രം) |ഫോട്ടോ: PTI
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധുവിനെ നിയോഗിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.
സിദ്ധു പാര്‍ട്ടി അധ്യക്ഷനാകുമെന്ന് ഔദ്യോഗിക അറിയിപ്പുകള് വരുന്നതിന് മുമ്പേ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ വസതിയില്‍ പ്രവര്‍ത്തകര്‍ മധുരവിതരണമടക്കം നടത്തിയിരുന്നു.
സിദ്ധുവിനെ പാര്‍ട്ടി അധ്യക്ഷനാക്കിയാല്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ അത് ഏത് രീതിയില്‍ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അമരീന്ദറിന്റെ കത്ത്. 'സിദ്ധുവിന്റെ പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസിന് ഉപദ്രവമാകും. പഴയ പാര്‍ട്ടി അംഗങ്ങളെ ഇത് പ്രകോപിപ്പിക്കും, കോണ്‍ഗ്രസ് പിളരും' അമരീന്ദര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന അധ്യക്ഷ സ്ഥാനം സംബന്ധിച്ച് വാര്‍ത്തകള്‍ നിറഞ്ഞ് നില്‍ക്കെ സിദ്ധു വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയേയും സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്തിനേയും അദ്ദേഹം കഴിഞ്ഞ ദിവസം കാണുകയുണ്ടായി. ഹരീഷ് റാവത്ത് ഇന്ന് അമരീന്ദര്‍ സിങിനെ കാണുന്നുണ്ട്.
ഒരു അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. സോണിയ ഗാന്ധി തീരുമാനിക്കുമെന്നും കഴിഞ്ഞ ദിവസം സിദ്ധുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഹരീഷ് റാവത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പഞ്ചാബ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പാര്‍ട്ടി അധ്യക്ഷയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സിദ്ധു മടങ്ങിയത് പഞ്ചാബില്‍. ഏറെ നാളായി തുടരുന്ന അമരീന്ദര്‍- സിദ്ധു പോരിന് ഒത്തുതീര്‍പ്പ് ഫോര്‍മുല രൂപപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സിദ്ധുവിനെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ ഒരുങ്ങുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..