അമൃത്സര്‍: പഞ്ചാബില്‍ കോണ്‍ഗ്രസില്‍ ഉള്‍പ്പോര് കനക്കുന്നു. തനിക്ക് വാഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധനല്ലെന്ന് ഇടഞ്ഞുനില്‍ക്കുന്ന നവജ്യോത്‌ സിങ്‌ സിദ്ദു അറിയിച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനൊപ്പം പ്രവര്‍ത്തിക്കുന്നതിന് സിദ്ദുവിന് ആശങ്കയുണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

പഞ്ചാബ് കോണ്‍ഗ്രസില്‍ ഏറെ നാളായി ഭിന്നത പുകയുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ സിദ്ദുവിന് ഉപമുഖ്യമന്ത്രി സ്ഥാനമോ തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ പദവിയോ നല്‍കണമെന്ന് കോണ്‍ഗ്രസിന്റെ മൂന്നംഗ സമിതി ഹൈക്കമാന്‍ഡിന് ശുപാര്‍ശ നല്‍കിയിരുന്നു. 

അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ചാലും അമരീന്ദര്‍ സിങ്ങിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന്‌ സിദ്ദു മൂന്നംഗസമിതിയെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ പാര്‍ട്ടിക്കാര്‍ക്ക് സമീപിക്കാനാവുന്നില്ലെന്നും എംഎല്‍എമാരേയും പ്രവര്‍ത്തകരേയും നേതാക്കളേയും അദ്ദേഹം അവഗണിക്കുകയാണെന്നും സമിതിക്ക് മുന്നില്‍ സിദ്ദു പറഞ്ഞതായാണ് വിവരം. 

സഖ്യമില്ലാതെ തന്നെ കോണ്‍ഗ്രസ് ഭരിക്കുന്ന അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ബി.ജെ.പി- അകാലിദള്‍ കൂട്ടുകെട്ടിന്റെ 10 വര്‍ഷത്തെ ഭരണം തകര്‍ത്താണ് അമരീന്ദറിന്റെ നേതൃത്വത്തില്‍ 2017 ല്‍ പഞ്ചാബില്‍ അധികാരം നേടുന്നത്. നിലവില്‍ പാര്‍ട്ടിക്കുള്ളിലെ പോര് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാനായി നിയോഗിക്കപ്പെട്ട മൂന്നംഗ സമിതി മുഖ്യമന്ത്രി അമരീന്ദറിനെയും സിദ്ദുവിനെയും നേരത്തെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയിരുന്നു.

Content Highlights: Sidhu rejects Punjab Dy CM post, goes mute, Congress struggles to strike balance with Amarinder