സിദ്ധു മൂസേവാല| Photo: ANI
ചണ്ഡീഗഢ്: പഞ്ചാബിഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് സംശയിക്കുന്നതായി പഞ്ചാബ് പോലീസ്. കാനഡയില്‍നിന്നുള്ള ഒരു അധോലോക സംഘാംഗം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയതായും പഞ്ചാബ് പോലീസ് ഡി.ജി.പി. ഡി.കെ. ബാവ്റ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
'ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് സിദ്ധുവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ സംഘത്തിലെ അംഗമായ ലക്കി, കാനഡയില്‍നിന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്', ഡി.ജി.പി. പറഞ്ഞു. വിക്കി മിദ്ദുഖേര എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, സിദ്ധുവിന്റെ മാനേജര്‍ ഷഗന്‍പ്രീതിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. കഴിഞ്ഞകൊല്ലമായിരുന്നു വിക്കി കൊല്ലപ്പെട്ടത്. വിക്കിയുടെ കൊലയ്ക്കുള്ള തിരിച്ചടിയായാണ് സിദ്ധുവിനെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നതെന്നും ഡി.ജി.പി. കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ചയാണ് സിദ്ധു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവംനടന്ന സമയത്ത് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ വി.ഐ.പി. സംസ്കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ഭഗവന്ത് മന് സര്‍ക്കാര്‍ സിദ്ധു ഉള്‍പ്പെടെ 424 പേര്‍ക്ക് നല്കിവന്നിരുന്ന സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതിന് തൊട്ടുപിറ്റേന്നാണ് സിദ്ധുവിനെതിരേ ആക്രമണം നടന്നത്. ജവാഹര്‍ കേ ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സിദ്ധുവിനു നേര്‍ക്ക് ആക്രമണമുണ്ടായത്. രണ്ടു സുഹൃത്തുക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Also Read
സിദ്ധുവിന്റെ വാഹനത്തിനു നേരെ അക്രമികള്‍ തുരുതുരാ നിറയൊഴിക്കുകായിരുന്നു. വെടിയേറ്റ് രക്തംവാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു സിദ്ധു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്‍പേ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിക്കുകായായിരുന്നു. സിദ്ധുവിന്റെ മരണത്തേക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്.
ശുഭദീപ് സിങ് സിദ്ധു എന്നാണ് സിദ്ധു മൂസേവാലയുടെ യഥാര്‍ഥ പേര്. മാന്‍സ ജില്ലയിലെ മൂസേവാല സ്വദേശിയായിരുന്നു ഇദ്ദേഹം. നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ സിദ്ധുവിന്റേതായി പുറത്തെത്തിയിട്ടുണ്ട്. ഗാനങ്ങളില്‍ തോക്ക് ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നെന്ന വ്യാപകവിമര്‍ശനം സിദ്ധുവിനെതിരേ മുന്‍പ് ഉയര്‍ന്നിരുന്നു.
2021 ഡിസംബറിലാണ് സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2022 പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മാന്‍സയില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് ആയിരുന്നു സിദ്ധു പരാജയപ്പെട്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..