ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ധു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. വീട്ടിലെത്തിയാണ് അദ്ദേഹം രാഹുലിനെ കണ്ടത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിലാണ് സിദ്ധുവിന്റെ കൂടിക്കാഴ്ച. നേരത്തെ സിദ്ധു പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

അമരീന്ദറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും താന്‍ കൂടിക്കാഴ്ച നടത്തുമെന്ന് സിദ്ധു പറഞ്ഞിരുന്നെങ്കിലും നേരത്തെ രാഹുല്‍ അക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് സിദ്ധു പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തിയത്. 'പ്രിയങ്ക ജിയുമായി ഒരു നീണ്ട കൂടിക്കാഴ്ച നടത്തി'യെന്ന് ഇരുവരും ചേര്‍ന്നുള്ള ചിത്രത്തിനൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. പ്രിയങ്കയും സിദ്ധുവും നാല് മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെതിരെ കലാപം ഉയര്‍ത്തി പാര്‍ട്ടി നേതാക്കളില്‍ പ്രധാനിയാണ് സിദ്ധു. ഇന്നലെയാണ് സിദ്ധുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ രാഹുലിനേയും പ്രിയങ്കയേയും ഇന്ന് കാണുമെന്ന് അറിയിച്ചിരുന്നത്. തുടര്‍ന്ന് ആരുമായും കൂടിക്കാഴ്ച ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്ന് രാഹുല്‍ അറിയിക്കുകയായിരുന്നു. 

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. അമരീന്ദര്‍ സിങ്ങടക്കമുള്ളവരുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തര്‍ക്കപരിഹാരത്തിനും നേതാക്കളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനുമായി മൂന്നംഗ സമിതിയേയും കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്. അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ അംഗമായിരുന്ന സിദ്ധു 2019-ലാണ് അദ്ദേഹവുമായി പിണങ്ങി രാജിവെച്ചത്.

Content Highlights: Sidhu Meets Rahul Gandhi In Delhi Amid Punjab Congress Infighting