അമരീന്ദർ സിംഗ് | ചിത്രം: PTI
അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ദുവിനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. സിദ്ദുവുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ശനിയാഴ്ച മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച അമരീന്ദര്‍ സിംഗ്, സിദ്ദു മുഖ്യമന്ത്രിയാകുന്നത് തനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് വാർത്താ ഏജന്‍സി എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നവജ്യോത് സിങ് സിദ്ദു പഞ്ചാബ് മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത് രാജ്യത്തിന്റെ നന്മയുടെ പേരില്‍ താന്‍ എതിര്‍ക്കുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവന്‍ ജെന്‍ ഖാമര്‍ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമരീന്ദര്‍ ആരോപിച്ചു.
'നവജ്യോത് സിങ് സിദ്ദു ഒരു കഴിവില്ലാത്ത മനുഷ്യനാണ്. എന്റെ സര്‍ക്കാരിലെ ഒരു വലിയ ദുരന്തമായിരുന്നു അയാള്‍. ഞാന്‍ അദ്ദേഹത്തിന് നല്‍കിയ ഒരു മന്ത്രാലയത്തിന്റെ ചുമതല പോലും നന്നായി കൈകാര്യം ചെയ്യാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല', അമരീന്ദർ പറഞ്ഞു.
കോണ്‍ഗ്രസില്‍ തുടരുമോ എന്ന ചോദ്യത്തിന് തനിക്ക് ഇപ്പോള്‍ അതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് അമരീന്ദര്‍ പറഞ്ഞു. അപമാനിക്കപ്പെട്ടതിനാല്‍ രാജിവെക്കാന്‍ പോവുകയാണെന്ന് സോണിയാ ഗാന്ധിയോട് നേരിട്ട് ഫോണില്‍ വിളിച്ച് പറഞ്ഞതായും ഇതിന് മറുപടിയായി 'അമരീന്ദര്‍ എന്നോട് ക്ഷമിക്കണം' എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞതെന്നും അമരീന്ദര്‍ വെളിപ്പെടുത്തി.
അമരീന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയിലെ 50-ല്‍ അധികം എംഎല്‍എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 80 എംഎല്‍എമാരാണുള്ളത്.
Content highlights: Sidhu has pak relations and him appointed cm will affect national security says Amarinder Singh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..