ഛണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ധുവിന്റെ ഉപദേശകനായ മല്‍വീന്ദര്‍ സിങ് മാലി ഉപദേശക സ്ഥാനം രാജിവെച്ചു. കാശ്മീരിനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ രണ്ട് ഉപദേശകരേയും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ധുവിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മല്‍വീന്ദര്‍ സിങിന്റെ രാജി. 

ഇന്ത്യയും പാകിസ്താനും കശ്മീരിനെ നിയമവിരുദ്ധമായി കൈയടക്കി വെച്ചിരിക്കുകയാണെന്നായിരുന്നു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മല്‍വീന്ദറിന്റെ വിവാദ പരാമര്‍ശം. ഇതിനെതിരേ പഞ്ചാബ് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. 

കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് വെള്ളിയാഴ്ച മല്‍വീന്ദറിനേയും പ്യാരെ ലാല്‍ ഗാര്‍ഗിനേയും ഉപദേശക സ്ഥാനത്തുനിന്ന് മാറ്റണമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്, സിദ്ധുവിനോട് ആവശ്യപ്പെട്ടത്. 

പഞ്ചാബ് കോണ്‍ഗ്രസില്‍ അമരീന്ദര്‍-സിദ്ധു പക്ഷങ്ങള്‍ തമ്മിലൂള്ള തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് സിദ്ധുവിന്റെ രണ്ട് ഉപദേശകരെ മാറ്റാന്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ചതെന്നും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരേയും അദ്ദേഹത്തിന്റെ അനുയായികള്‍ക്കെതിരേയും മല്‍വീന്ദര്‍ തുടര്‍ച്ചയായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മല്‍വീന്ദറിന്റെ കശ്മീര്‍ പരാമര്‍ശം രാജ്യവിരുദ്ധമാണെന്ന് അമരീന്ദര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 

content highlights: Sidhu advisor Malwinder Singh Mali quits soon after Congress seeks his removal