ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ആശുപത്രിയില്‍നിന്ന് മഥുരയിലെ ജയിലിലേക്ക് മാറ്റി. കാപ്പനെ ജയിലിലേക്ക് മാറ്റിയതായി യു.പി. പോലീസ് സുപ്രീം കോടതിയെ അറിയിച്ചു. 

കാപ്പന്‍ കോവിഡ് മുക്തനായെന്നും അദ്ദേഹത്തെ മഥുരയിലെ ജയിലിലേക്ക് മാറ്റുകയാണെന്നും യു.പി. പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്നു രാവിലെയാണ് യു.പി. പോലീസിന്റെ അഭിഭാഷകന്‍ അഭിനവ് അഗര്‍വാള്‍ കാപ്പന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

കഴിഞ്ഞ 21 മുതല്‍ കാപ്പന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം കാപ്പന്‍ കോവിഡ് മുക്തനായിട്ടില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞ് അറിഞ്ഞെന്ന് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. 

"അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അറിയണമെന്നുണ്ടെങ്കില്‍ നേരിട്ട് കാണണം. എന്നോട് സംസാരിച്ചിട്ടില്ല. വീഡിയോ കോണ്‍ഫറന്‍സിങ്ങിന് ഇന്നലെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിട്ടില്ല. കാപ്പനെ കാണണം. അദ്ദേഹത്തിന്റെ ആരോഗ്യം ശരിയായോ എന്ന് എങ്കിലേ പറയാന്‍ പറ്റൂ" റെയ്ഹാനത്ത് പറഞ്ഞു. 

മഥുര ജയിലിലെ ബാരക്കില്‍ വീണ് താടിയെല്ലിന് പരിക്കേറ്റതിനു പിന്നാലെയാണ് കാപ്പനെ മഥുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും അദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് മനസ്സിലാകുന്നതും. മഥുരയിലെ കെ.എം. മെഡിക്കല്‍ കോളേജിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. പരിക്കിന്റെ കാര്യം യു.പി. പോലീസിന്റെ പുതിയ സത്യവാങ്മൂലത്തില്‍ പരമാര്‍ശിക്കുന്നില്ലെന്നാണ് വിവരം.

content highlights: siddique kappan tested negative for covid 19 says up police; sent back to mathura jail