ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് മഥുര കോടതിയെ സമീപിച്ചു. കാപ്പന് കാവല്‍ നില്‍ക്കുന്ന പോലീസ് തന്നെയും അഭിഭാഷകരെയും തടയുന്നുവെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്. കാപ്പനെ കാണാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും റൈഹാനത്ത് കത്ത് അയച്ചു.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഏപ്രില്‍ 30-നാണ് മഥുര ജയിലില്‍ കഴിഞ്ഞിരുന്ന സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്. കേരളത്തില്‍നിന്ന് എത്തിയ റൈഹാനത്തും മകനും മെയ് ഒന്ന് മുതല്‍ ചികിത്സയില്‍ കഴിയുന്ന കാപ്പനെ കാണാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ചികിത്സയില്‍ കഴിയുന്ന തടവുപുള്ളികളെ ജയിലിന് പുറത്ത് വച്ച് ബന്ധുക്കള്‍ക്കോ, അഭിഭാഷകര്‍ക്കോ കാണാന്‍ കഴിയില്ലെന്ന ജയില്‍ ചട്ടം ചൂണ്ടിക്കാട്ടി പോലീസ് കൂടിക്കാഴ്ച അനുവദിച്ചിരുന്നില്ല. 

ഇതിന് എതിരെയാണ് റൈഹാനത്ത് മഥുര കോടതിയെയും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും സമീപിച്ചത്.

content highlights: siddique kappan's wife approaches high court, demands permission to meet him