സിദ്ദിഖ് കാപ്പൻ| Photo: Screengrab- Mathrubhumi News
ന്യൂഡല്‍ഹി: ദളിത് പെണ്‍കുട്ടി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിലൂടെ കുപ്രസിദ്ധമായ ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ലേഖനങ്ങള്‍ മുസ്‌ലീങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ളവ ആയിരുന്നുവെന്ന് യു.പി. പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്.). കാപ്പനെതിരേ സമര്‍പ്പിച്ച അയ്യായിരം പേജ് വരുന്ന കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. ഉത്തരവാദിത്വമുള്ള മാധ്യമ പ്രവര്‍ത്തകനെ പോലെയല്ല കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നത്. മാവോവാദികളെയും കമ്യൂണിസ്റ്റുകാരെയും അനുകൂലിക്കുന്ന തരത്തിലുള്ള ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന് പിന്നാലെ അവിടേക്ക് പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെടുന്നത്. കുറ്റപത്രത്തിൽ കേസ് ഡയറിയിലെ വിശദാംശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.
കാപ്പന്‍ മലയാളത്തില്‍ എഴുതിയ 36 ലേഖനങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് ബാധ, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം, ഡല്‍ഹി കലാപം, അയോധ്യയിലെ രാമക്ഷേത്രം എന്നിവയെ സംബന്ധിച്ച ലേഖനങ്ങളുടെ വിശദാംശങ്ങളാണ് കേസ് ഡയറിയിലുള്ളത്. രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ഷര്‍ജീല്‍ ഇമാമിനെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ കാര്യവും പരാമര്‍ശിച്ചിട്ടുണ്ട്.
അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നടന്ന സി.എ.എ. വിരുദ്ധ പ്രക്ഷോഭം സംബന്ധിച്ച ലേഖനത്തിന്റെ കാര്യം പ്രത്യേകം എടുത്തുപറയുന്നുണ്ട്. മുസ്‌ലിം വിഭാഗക്കാരെ ഇരകളായാണ് ലേഖനത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്. അവരെ പോലീസ് മര്‍ദിക്കുന്നുവെന്നും പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നുവെന്നും പറയുന്നു. മുസ്‌ലിം വിഭാഗക്കാരെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ലേഖനമെന്ന് വ്യക്തമാണെന്ന് കേസ് ഡയറിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കാപ്പന്റെ ലേഖനങ്ങള്‍ ഒരു പരിധിവരെ മതവികാരം ഇളക്കിവിടുന്നത് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കലാപസമയത്ത് ന്യൂനപക്ഷ വിഭാഗക്കാരുടെ കാര്യം എടുത്തുപറയുന്നതും സംഭവങ്ങളെപ്പറ്റി വിവരിക്കുന്നതും വികാരം ഇളക്കിവിടാണ ലക്ഷ്യമിട്ടുകൊണ്ടാണ്. ഉത്തരവാദിത്തമുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇത്തരത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടാന്‍ കാരണമാകുംവിധം റിപ്പോര്‍ട്ടുചെയ്യാന്‍ പാടില്ല.
മുസ്‌ലിം വിഭാഗത്തെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ളതാണ് കാപ്പന്റെ ലേഖനങ്ങളെല്ലാം. പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ അജണ്ടയാണ് അതിലെല്ലാം കാണുന്നത്. മാവോവാദികളെയും കമ്മ്യൂണിസ്റ്റുകാരെയും അനുകൂലിക്കുന്നതാണ് മറ്റു ചില ലേഖനങ്ങളെന്നും കുറ്റപത്രത്തില്‍ പറയുന്നു. കാപ്പന്റെ ലാപ്പ്‌ടോപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ലഭിച്ച വിവരങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാപ്പന്‍ ഹിന്ദു വിരുദ്ധ ലേഖനങ്ങള്‍ എഴുതുകയും ഡല്‍ഹി കലാപം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒപ്പം ഇന്റലിജന്‍സ് ബ്യൂറോ ഓഫീസര്‍ അങ്കിത് ശര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ എന്നിവരുടെ മരണം മറച്ചുവെക്കാന്‍ ശ്രമിച്ചു. എഎപിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് ഡല്‍ഹി കലാപത്തിലുള്ള പങ്ക് അപ്രധാനമായി ചിത്രീകരിക്കാനും ശ്രമിച്ചു.
ഹാഥ്‌റസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചശേഷം കാപ്പന്‍ അടക്കമുള്ളവര്‍ ജനക്കൂട്ടത്തെ അധികൃതര്‍ക്കെതിരേ ഇളക്കിവിടാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ രണ്ട് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴികളും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ''പ്രത്യേക അന്വേഷണ സംഘം ഹാഥ്‌റസില്‍ എത്തിയ ദിവസം പുറത്തുള്ളവര്‍ അവിടേക്ക് പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. എങ്കിലും ജനക്കൂട്ടം അവിടെ തടിച്ചുകൂടിയിരുന്നു. അതിനിടെ ചില ആളുകള്‍ താക്കൂര്‍ വിഭാഗക്കാര്‍ക്കെതിരേ തിരിയാന്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു. ജനക്കൂട്ടത്തിന് ഇടയില്‍നിന്ന രണ്ടു പേര്‍ പ്രസംഗിക്കുകയും പണം വിതരണം ചെയ്യുകയും ചെയ്തു. അത്തിഖുര്‍ റഹ്മാന്‍, സിദ്ദിഖ് കാപ്പന്‍ എന്നീ പേരുകളാണ് അവര്‍ സ്വയം പറഞ്ഞത്' - അടുത്ത ഗ്രാമത്തില്‍നിന്ന് എത്തിയവര്‍ ഇത്തരത്തില്‍ മൊഴി നല്‍കിയെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഹാഥ്‌റസ് പെണ്‍കുട്ടിയുടെ ഗ്രാമത്തിലുള്ള മറ്റൊരാളും സമാനമായ മൊഴി നല്‍കിയെന്ന് അന്വേഷണസംഘം പറയുന്നു.
എന്നാല്‍, ഈ സമയത്തൊന്നും ഇവർ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നാണ് പ്രതികളുടെ അഭിഭാഷകന്‍ പറയുന്നത്. സംഭവം നടന്ന് രണ്ട് ദിവസത്തിനു ശേഷം ഹാഥ്‌റസിലേക്ക് പോകുന്നതിനിടെയാണ് പ്രതികള്‍ അറസ്റ്റിലായത്. സാക്ഷിമൊഴികള്‍ സംശയം ഉളവാക്കുന്നതാണ്. ഹാഥ്‌റസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ പ്രതികള്‍ക്ക് അവിടെ എത്താന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും അഭിഭാഷകന്‍ അവകാശപ്പെടുന്നു. മലയാളത്തിലുള്ള നിരവധി ലേഖനങ്ങളുടെ പരിഭാഷയും ഫോണ്‍ കോള്‍ രേഖകളും പണം ഇടപാടുകളുടെ രേഖകളും കുറ്റപത്രത്തിനൊപ്പം എസ്.ടി.എഫ്. കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Story Courtesy: The Indian Express
Content Highlights: Siddiq Kappan incites muslims - UP STF in charge sheet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..