ബെംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ മുണ്ട് അഴിഞ്ഞുപോയത് നിയമസഭാംഗങ്ങള്‍ക്കിടയില്‍ ചിരിപടര്‍ത്തി. നിയമസഭയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം. എന്നാൽ മുണ്ടഴിഞ്ഞ് വീണതറിയാതെ പ്രസംഗം തുടർന്ന സിദ്ധരാമയ്യയെ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ എത്തി ഓർമ്മപ്പെടുത്തുകയായിരുന്നു.

മൈസൂർ കൂട്ട ബലാത്സംഗത്തിൽ പോലീസിന്റെ നടപടികളെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. മുണ്ടഴിഞ്ഞു വീണതറിയാതെ പ്രസംഗം തുടർന്ന സിദ്ധരാമയ്യയുടെ അടുത്തേക്ക് കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ എത്തി ചെവിയിൽ കാര്യം അവതരിപ്പിക്കുകയായിരുന്നു. 'ഓ അതായിരുന്നോ' എന്ന് പറഞ്ഞ് അദ്ദേഹം കുനിഞ്ഞ് മുണ്ട് എടുത്ത് ഉടുക്കുന്നതും സീറ്റില്‍ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മുണ്ടുടുത്ത ശേഷം അദ്ദേഹം വീണ്ടും പ്രസംഗം തുടരുകയും ചെയ്തു.

കോവിഡാനന്തരം ശരീരവണ്ണം വർധിച്ചു, വയറ് കൂടി. ഇതുകൊണ്ട് മുണ്ട് അഴിഞ്ഞു വീണു എന്നായിരുന്നു അദ്ദേഹം പ്രസംഗം തുടർന്നു കൊണ്ട് വ്യക്തമാക്കിയത്. ഇത് സഭയിൽ ചിരി പടർത്തുകയും ചെയ്തു. 

എന്നാൽ സിദ്ധരാമയ്യ ഇക്കാര്യം പരസ്യമായി പറഞ്ഞത് കോൺഗ്രസിന് നീരസമുണ്ടാക്കിയിട്ടുണ്ട്. 

പാർട്ടിയുടെ മുഖം രക്ഷിക്കാൻ വേണ്ടിയാണ് ശിവകുമാർ സിദ്ധരാമയ്യയുടെ ചെവിയിൽ ഇക്കാര്യം പറഞ്ഞത്. എന്നാൽ അദ്ദേഹം തന്നെ ഇത് പരസ്യപ്പെടുത്തി. ഇത് പരിഹസിക്കാന്‍ സ്വയം കുഴി തോണ്ടുകയായിരുന്നുവെന്ന് കോൺഗ്രസ് എംഎൽഎ രമേശ് കുമാർ പറഞ്ഞു. 

Content Highlights: Siddaramaiah's dhoti comes off during heated debate in Karnataka assembly