ഡികെ ശിവകുമാറും സിദ്ധരാമയ്യയും | Photo: Pics4news
ബെംഗളൂരു: മുഖ്യമന്ത്രിസ്ഥാനം നേടിയെടുത്തതിന് പിന്നാലെ കര്‍ണാടക സര്‍ക്കാരിലെ വകുപ്പ് വിഭജനത്തിലും മേല്‍ക്കൈ നേടി സിദ്ധരാമയ്യ. ധനകാര്യം, കാബിനറ്റ്, ഭാരണകാര്യം, രഹസ്യാന്വേഷണം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതല സിദ്ധരാമയ്യയ്ക്കാണ്. ജലസേചനം, നഗരവികസനം എന്നീ രണ്ടു വകുപ്പുകളുടെ ചുമതലയാണ് ഉപമുഖ്യമന്ത്രിയായ ഡി.കെ ശിവകുമാറിന് ലഭിച്ചത്.
മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി ശനിയാഴ്ച 24 മന്ത്രിമാര്‍ കൂടി കര്‍ണാടക രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇതോടെ കര്‍ണാടകയിലെ ആകെ മന്ത്രിമാരുടെ എണ്ണം 34 ആയി ഉയര്‍ന്നു. മന്ത്രിമാരില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. മുന്‍ എഐസിസി അംഗവും കര്‍ണാടക പിസിസി അംഗവുമായ എന്‍എസ് ബോസെരാജു അപ്രതീക്ഷിതമായി മന്ത്രിസഭയിലെത്തി. ബോസെരാജു നിലവില്‍ എംഎല്‍എയോ നിയമസഭാ കൗണ്‍സില്‍ അംഗമോ അല്ല.
ജി. പരമേശ്വരയാണ് ആഭ്യന്തര മന്ത്രി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്ക്ക് ഗ്രാമവികസന വകുപ്പാണ് ലഭിച്ചത്. എച്ച്‌കെ പാട്ടീലാണ് നിയമമന്ത്രി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് കെഎച്ച് മുനിയപ്പയ്ക്കാണ്. കെജെ ജോര്‍ജ്, ഡോ. എച്ച്.സി മഹാദേവപ്പ, ശരണബസാപ്പ, ശിവനാനന്ദ് പാട്ടീല്‍ എന്നിവരും മന്ത്രിസഭയിലെത്തി. അതേസമയം, മുതിര്‍ന്ന നേതാക്കളായ ആര്‍വി ദേശ്പാണ്ഡെ, ടിബി ജയചന്ദ്ര തുടങ്ങിയവര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ല.
മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിലും വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ കടുത്ത അഭിപ്രായഭിന്നത നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, മന്ത്രിസഭാ രൂപീകരണത്തിലും സിദ്ധരാമയ്യയുടെ അഭിപ്രായങ്ങള്‍ക്കാണ് മേല്‍ക്കൈ ലഭിച്ചത്.
Content Highlights: Siddaramaiah Keeps Key Karnataka Ministries, DK Shivakumar Gets 2
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..