മുംബൈ: റിറിയാലിറ്റി ഷോ മത്സരാര്‍ഥിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയയെും കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും അനുകരിക്കുന്നതിന് വിലക്ക്. ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചാലഞ്ച് എന്ന റിയാലിറ്റി ഷോ നടത്തിപ്പുകാരാണ് മോദിയെ അനുകരിക്കുന്നതിന് മത്സരാര്‍ഥിക്ക് നിബന്ധനകള്‍ വെച്ചത്. മത്സരാര്‍ഥിയായിരുന്ന ശ്യാം രംഗീലയാണ് ഇത്തരമൊരു ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

'മിമിക്രിയിലെ എന്റെ കഴിവ് കാരണമാണ് ഷോയില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചത്. പക്ഷെ ആദ്യ അവതരണത്തില്‍ മോദിജിയെയും രാഹുല്‍ഗാന്ധിയെയും അനുകരിച്ചപ്പോള്‍ തന്നോട് മറ്റൊന്ന് അവതരിപ്പിക്കാന്‍ പറയുകയായിരുന്നു, ശ്യാം പറയുന്നു.

പിന്നീട് മോദിയെ അനുകരിക്കാന്‍ പാടില്ലെന്നും പകരം രാഹുലിനെ അനുകരിക്കാമെന്നും അറിയിച്ചതായും ശ്യാം കുറ്റപ്പെടുത്തുന്നു.

'ഇതിന്റെ അടിസ്ഥാനത്തില്‍ താന്‍ പുതിയ സ്‌ക്രിപ്റ്റ് ഉണ്ടാക്കി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം രാഹുലിനെയും അനുകരിക്കരുതെന്ന നിര്‍ദേശം വന്നു.ഇതിനാല്‍, തന്റെ അവതരണത്തിന്റെ അവസാന ഭാഗത്ത് ഈ രണ്ട് ഡയലോഗുകളും  സ്വന്തം ശബ്ദത്തില്‍ പറഞ്ഞവസാനിപ്പിക്കുകയായിരുന്നു. മാറ്റം വന്ന സ്‌ക്രിപ്റ്റില്‍ പരിശീലനം നടത്താന്‍ സമയക്കുറവുണ്ടായതിനാല്‍ ഞാന്‍ ഷോയില്‍ നിന്നു പുറത്തുമായി', ശ്യാം കൂട്ടിച്ചേര്‍ത്തു.

ഷോയുടെ ഭാഗമാവുകയെന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അത് ഒരു പേടിസ്വപ്‌നമായി മാറിയെന്നും ശ്യാം പറയുന്നു. രാജസ്ഥാന്‍ സ്വദേശിയാണ് ശ്യാം.
 
അക്ഷയ് കുമാറാണ് ഷോയുടെ പ്രധാന വിധികര്‍ത്താവ്. ശ്യാമിന്റെ അവതരണത്തിനു തൊട്ടു പിന്നാലെ മറ്റൊരു വിധികര്‍ത്താവായ മല്ലിക ദുവായ്‌ക്കെതിരെ നടന്‍ അക്ഷയ്കുമാര്‍ അശ്ലീലച്ചുവയുള്ള തമാശ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. 

മല്ലികയും പിതാവും മാധ്യമ പ്രവര്‍ത്തകനുമായ വിനോദ് ദുവായും അക്ഷയ് മാപ്പ് പറയണമെന്ന പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് പുതിയ വിവാദം.