കൊച്ചി: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്.
ഷുഹൈബ് വധക്കേസ് അന്വേഷിക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഈ കേസ് സിബിഐ അന്വേഷിക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് എടുത്തതിനെ തുടര്‍ന്നാണ് ഷുഹൈബിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
ഷുഹൈബ് കൊല്ലപ്പെട്ടിട്ട് ഒരു മാസം പോലും തികയാത്ത സാഹചര്യത്തില്‍ സിബിഐക്ക് ഇതൊരു ഫ്രഷ് കേസായി അന്വേഷിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇതിന് പുറമെ കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരുവനന്തപുരത്തെ സിബിഐ ആസ്ഥാനത്ത് സമര്‍പ്പിക്കാനും കോടതി പോലീസിനോട് ആവശ്യപ്പെട്ടു.
ശരിയായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കാന്‍ കഴിയും. ഗൂഢാലോചന കണ്ടെത്താതെ കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ കഴിയില്ല. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ കൊലപാതകമാണ് ഷുഹൈബിന്റേതെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. ആക്രമണങ്ങള്‍ അവസാനിക്കണമെങ്കില്‍ ഗൂഢാലോചനക്കാരെയാണ് പിടികൂടേണ്ടതെന്നും ഹൈക്കോടതി വിലയിരുത്തി.
കേസന്വേഷിച്ച പോലീസിനെതിരെ കടുത്ത വിമര്‍ശനമാണ് കോടതി നടത്തിയത്. പോലീസ് അന്വേഷണത്തില്‍ ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്. ഇപ്പോള്‍ കേസിലുള്ള പ്രതികള്‍ ആരുടെയോ കൈയിലെ ആയുധങ്ങളാണ്. അന്വേഷണ സംഘത്തിന്റെ കൈ കെട്ടിയതായി തോന്നുന്നു. പ്രതികളെ കൈയ്യില്‍ കിട്ടിയിട്ടും ആയുധം കണ്ടെത്താന്‍ കഴിഞ്ഞില്ല. ആയുധങ്ങള്‍ കണ്ടെത്തിയെന്നു പറയുന്നത് കണ്ണില്‍ പൊടിയിടാനാണെന്നും കോടതി പറഞ്ഞു.
കേസ് പരിഗണിക്കവെ സര്‍ക്കാരിനെതിരേയും കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. കണ്ണൂരിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ചെറുവിരല്‍ എങ്കിലും അനക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. ഷുഹൈബ് വധക്കേസില്‍ ആയുധങ്ങള്‍ കണ്ടെത്തിയതും ഏതാനും പ്രതികളെ പിടികൂടിയതും ഒഴിച്ച് ഗൂഢാലോചന സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ലെന്നും കോടതി വിമര്‍ശിച്ചു.
Content Highlights: Shuhaib murder case transferred to cbi, kerala high court