ലഖ്‌നൗ: വാഹനപരിശോധനയ്ക്കിടെ ഡിജിറ്റല്‍ രൂപത്തിലാക്കിയ രേഖകള്‍ ഫോണില്‍ കാണിച്ച ബൈക്ക് യാത്രികന് പോലീസിന്റെ പിഴയും അസഭ്യവര്‍ഷവും. ഡിജിലോക്കര്‍ ആപ്പിന്റെ സഹായത്തോടെ ഡിജിറ്റലാക്കിയ രേഖകള്‍ ഫോണില്‍ കാണിച്ച ഉത്തര്‍പ്രദേശ് സ്വദേശി ഇഷാന്‍ സിംഘാളിനാണ് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്.

ഫോണില്‍ ആര്‍ സി ബുക്ക് കാണിച്ചപ്പോള്‍ "ആപ്പ് കൊണ്ടുപോയി മോദിയെ കാണിക്കൂ" എന്നായിരുന്നു പോലീസുകാരന്‍ പറഞ്ഞതെന്ന് ഇഷാന്‍ ട്വിറ്ററില്‍ കുറിച്ചു. ഉത്തര്‍ പ്രദേശിലെ അലഹാബാദ് പോലീസാണ് വാഹനപരിശോധനയുടെ ഭാഗമായി ഇഷാനെ തടഞ്ഞത്.

ഡിജിറ്റല്‍ രൂപത്തിലുള്ള രേഖകള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത പോലീസ് 5900 രൂപ പിഴയും വിധിച്ചു. പിഴയൊടുക്കിയ ചല്ലാന്റെ  ചിത്രത്തോടു കൂടിയ ഇഷാന്റെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

പ്രധാന രേഖകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള സൗകര്യത്തിനാണ് സര്‍ക്കാര്‍ ഡിജിലോക്കര്‍ ആപ്പ് പുറത്തിറക്കിയത്. ആധാര്‍ കാര്‍ഡ്, ആര്‍ സി ബുക്ക്, ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ രേഖകള്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാം.

Content highlights: UP Police abused biker for showing digilocker documents, uppolice, digilocker, show this to modi up police says to biker, ishan singhal, digilocker app