ന്യൂഡല്‍ഹി:ബാലാകോട്ട് വ്യോമാക്രമണത്തെ ചൊല്ലി വാദപ്രതിവാദം തുടരുന്നതിനിടെ വ്യോമസേന നടത്തിയ തിരിച്ചടിയുടെ തെളിവുകള്‍ ചോദിച്ച് വീരമൃത്യു വരിച്ച ജവാന്മാരുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഫെബ്രുവരി 14-ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച രണ്ട് ജവാന്മാരുടെ ബന്ധുക്കളാണ് ബാലാകോട്ട് വ്യോമാക്രമണത്തന് തെളിവ് ചോദിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

സി.ആര്‍.പി.എഫ്. ജവാന്മാരായ പ്രദീപ്കുമാറിന്റെയും രാം വകീലിന്റെയും ബന്ധുക്കളാണ് ബാലക്കോട്ട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവാദികളുടെ മൃതദേഹങ്ങള്‍ കാണിക്കണമെന്നും ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്ന് പാകിസ്താന്‍ വാദിക്കുമ്പോള്‍  ഭീകരവാദികള്‍ കൊല്ലപ്പെട്ടെന്നത് തെളിവുകളില്ലാതെ എങ്ങനെ വിശ്വസിക്കുമെന്നും ഇവര്‍ ചോദിക്കുന്നു. 

പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ചിലരുടെ അറ്റുപോയ കൈകളും കാലുകളും മൃതദേഹങ്ങളും നമ്മള്‍ കണ്ടിരുന്നു. ഇതുപോലെ അവിടെയും കാണണമെന്നുണ്ട്. വ്യോമാക്രമണം നടന്നതായി തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. എന്നാല്‍ എവിടെ വ്യോമാക്രമണം നടത്തിയെന്നതിന് കൃത്യമായ തെളിവ് വേണം. തെളിവുകളില്ലാതെ എങ്ങനെ ഞങ്ങള്‍ വിശ്വസിക്കും- രാം വകീലിന്റെ സഹോദരി രാംറക്ഷ ചോദിച്ചു. ഭീകരവാദികളുടെ മൃതദേഹങ്ങള്‍ കാണിക്കണമെന്നും എന്നാല്‍ മാത്രമേ തങ്ങള്‍ക്ക് സമാധാനം ലഭിക്കുകയുള്ളുവെന്നും അതാകും തന്റെ സഹോദരന്റെ വീരമൃത്യുവിനുള്ള പ്രതികാരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പ്രദീപ്കുമാറിന്റെ മാതാവും ഇതേ ആവശ്യംതന്നെയാണ് ഉന്നയിച്ചത്. ഞങ്ങള്‍ ഒരിക്കലും തൃപ്തരല്ല, ആരെയും ഞങ്ങള്‍ അവിടെ മരിച്ചതായി കണ്ടില്ല. അവിടെ മരിച്ചവരെ സംബന്ധിച്ച് സ്ഥിരീകരിച്ച വാര്‍ത്തകളുമില്ല. അവര്‍ മരിച്ചുകിടക്കുന്നത് ഞങ്ങള്‍ക്ക് ടി.വിയില്‍ കാണണം. ഭീകരവാദികളുടെ മൃതദേഹങ്ങള്‍ കാണണം- പ്രദീപ്കുമാറിന്റെ മാതാവ് സുലേലത പറഞ്ഞു. 

ബാലാകോട്ട് വ്യോമാക്രമണത്തില്‍ പാകിസ്താനില്‍ കാര്യമായ നാശനഷ്ടമുണ്ടായില്ലെന്നും ആളൊഴിഞ്ഞ പ്രദേശത്താണ് ഇന്ത്യന്‍ വ്യോമസേന ബോംബ് വര്‍ഷിച്ചതെന്നും പാകിസ്താന്‍ തുടക്കംമുതലേ വാദിച്ചിരുന്നു. ഇതിനുപിന്നാലെ പാക് വാദങ്ങള്‍ ന്യായീകരിക്കുന്നവിധം ചില അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. എന്നാല്‍ പാകിസ്താന്റെ വാദങ്ങള്‍ തെറ്റാണെന്നും പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തതായും ഇന്ത്യന്‍ വ്യോമസേനയും സര്‍ക്കാരും അവകാശപ്പെട്ടിരുന്നു.

Content Highlights: show terrorists dead bodies, pulwama martyrs relatives seeks proof for balakot attack