ന്യൂഡല്‍ഹി: പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ബുദ്ഗാമില്‍ വ്യോമസേനയുടെ ഹെലികോപറ്റര്‍ വെടിവെച്ചിട്ടത് അബദ്ധത്തിലെന്ന് എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ്. വലിയ തെറ്റ് എന്നാണ് സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തതായും അദ്ദേഹം വ്യക്തമാക്കി. 

ആറ് വ്യോമസേന സൈനികരും ഒരു നാട്ടുകാരനുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.  അതിര്‍ത്തിയില്‍ ഇന്ത്യ-പാക് വ്യോമസേനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോഴായിരുന്നു ശ്രീനഗറിനടുത്ത് ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടത്. പാകിസ്താനില്‍ നിന്നും തൊടുത്തുവിട്ട മിസൈലാണെന്ന് തെറ്റിദ്ധരിച്ചാണ്‌ ഹെലികോപ്റ്ററിന് നേരെ ആക്രമണം നടത്തിയത് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മിസൈല്‍ പതിച്ച ശേഷം രണ്ടായി പിളര്‍ന്നാണ് ഹെലികോപ്റ്റര്‍ താഴെ വീണത്. 

ഇത് നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായ ഒരു വലിയ തെറ്റായിരുന്നുവെന്ന് അംഗീകരിക്കുന്നു. കഴിഞ്ഞയാഴ്ചയാണ് നേരത്തേ പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയായത്. നമ്മള്‍ തൊടുത്ത മിസൈല്‍ തന്നെയാണ് എംഐ17 വി2 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററിനെ തകര്‍ത്തത് എന്ന് വ്യക്തമായി- എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ് പറഞ്ഞു. ഉത്തരവാദിയായവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീനഗര്‍ വ്യോമസേനാ താവളത്തിലെ സ്‌പൈഡര്‍ എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നും തൊടുത്തുവിട്ട മിസൈലാണ് ഹെലികോപ്റ്റര്‍ തകര്‍ത്തത്. ഇവിടെയുണ്ടായിരുന്ന വ്യോമസേന ഓഫീസര്‍മാര്‍ക്ക് പറ്റിയ തെറ്റായിരുന്നു അത്. ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് പത്തു മിനുട്ടുകള്‍ക്ക് ശേഷമാണ് തകര്‍ന്നു വീണത്. 

ബലാകോട്ടിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിന്റെ പിറ്റേ ദിവസമായിരുന്നു ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടത്.

ബലാകോട്ട് ആക്രമണം വിശദമാക്കുന്ന വീഡിയോയും വ്യോമസേന പുറത്തുവിട്ടു.

 

Content highlights: Shooting down of IAF helicopter was a "big mistake" admits Air Chief Rakesh Kumar Singh Bhadauria