ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് അറിയിച്ച് വനിതാ ഷൂട്ടിങ് താരം. അന്താരാഷ്ട്ര ഷൂട്ടിങ് താരം വര്‍ത്തിക സിങാണ് പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയത്. ചോരകൊണ്ടെഴുതിയ കത്ത് അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തന്നെ അനുവദിക്കണമെന്നും, ഒരു സ്ത്രീക്കും വധശിക്ഷ നടപ്പിലാക്കാനാകുമെന്ന സന്ദേശം നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നുമാണ് വര്‍ത്തികയുടെ വാദം. അതിക്രൂരമായ കുറ്റകൃത്യം നടത്തിയവരെ ഒരു സ്ത്രീ തന്നെയാണ് തൂക്കിലേറ്റേണ്ടതെന്നും ഇത് സമൂഹത്തില്‍ മാറ്റമുണ്ടാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നടിമാരുടെയും എം.പിമാരുടെയും പിന്തുണ തനിക്ക് ആവശ്യമാണെന്നും വര്‍ത്തിക സിങ് വ്യക്തമാക്കി. 

കഴിഞ്ഞദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ളവര്‍ നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. അതിനിടെ, നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ദിവസങ്ങള്‍ക്കകം നടപ്പിലാക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. ഇതിനായി ആരാച്ചാരെ മീററ്റ് ജയിലില്‍നിന്ന് തിഹാര്‍ ജയിലിലേക്ക് അയക്കുമെന്നും കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

Content Highlights: shooter vartika singh written letter with blood and she wants to hang nirbhaya case convicts