നരേന്ദ്ര മോദി | ഫോട്ടോ: AP
ന്യൂഡല്‍ഹി: രാജ്യത്ത് സമാധാനവും സഹവര്‍ത്തിത്വവും പാലിക്കണമെന്നും വർഗീയ സംഘര്‍ഷങ്ങളില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും 13 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍, അദ്ദേഹത്തിന്റെ മൗനത്തില്‍ നടുക്കം രേഖപ്പെടുത്തി. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മതാന്ധത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ഒരു വാക്കെങ്കിലും ഉച്ചരിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രിയുടെ മൗനത്തില്‍ നടുക്കം രേഖപ്പെടുത്തുന്നുവെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സായുധരായ ജനക്കൂട്ടം ഔദ്യോഗിക രക്ഷാകര്‍ത്വത്തിന് കീഴിലാണ് എന്നതിന്റെ തെളിവാണ് പ്രധാനമന്ത്രിയുടെ ഈ മൗനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയുണ്ടായ വര്‍ഗീയ കലാപങ്ങളെ അപലപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍, ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ടെന്നും വ്യക്തമാക്കി. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഐഎം, ഡിഎംകെ, ആര്‍ജെഡി അടക്കമുള്ളവരാണ് സംയുക്ത പ്രസ്താവന നടത്തിയത്. എന്നാല്‍ ശിവസേന, ബിഎസ്പി, ആംആദ്മി പാര്‍ട്ടി അടക്കമുള്ളവര്‍ ഇതിന്റെ ഭാഗമായില്ല.
ഭക്ഷണം, വസ്ത്രം, വിശ്വാസം, ആഘോഷങ്ങള്‍, ഭാഷ തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ചില സംഭവങ്ങള്‍ സാമൂഹ്യദ്രുവീകരണത്തിന് ഭരണവര്‍ഗം ഉപയോഗിക്കുന്നതില്‍ അതിയായ വേദനയുണ്ട്. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങളെ പൂര്‍ണമായും ബഹുമാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്താല്‍ മാത്രമേ രാജ്യം അഭിവൃദ്ധി പ്രാപിക്കൂ എന്ന ബോധ്യം ആവര്‍ത്തിക്കുകയാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് അടുത്തിടെയുണ്ടാകുന്ന വിദ്വേഷ പ്രസംഗങ്ങളിലുള്ള അശങ്കയും പ്രസ്താവനയില്‍ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ, രാമനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. വെറുപ്പ്, അക്രമം, നിഷേധം എന്നിവ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കല്ലുകള്‍ക്കൊണ്ടാണ് പുരോഗതിയുടെ പാത നിര്‍മിക്കപ്പെട്ടിരിക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയ്ക്കായി നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ പോലീസുകാരനടക്കം 20 പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഗുജറാത്തില്‍ രണ്ടിടങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഒരാള്‍ മരിച്ചു. ഝാര്‍ഖണ്ഡിലും പശ്ചിമബംഗാളിലും അക്രമങ്ങള്‍ അരങ്ങേറി. ഝാര്‍ഖണ്ഡില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി ജെ.എന്‍.യു.വിലുണ്ടായ സംഘര്‍ഷത്തില്‍ വ്യാപക അക്രമം അരങ്ങേറിയിരുന്നു. കല്ലേറില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. അക്രമത്തിനു പിന്നില്‍ എ.ബി.വി.പി. ആണെന്ന് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചിരുന്നു.
Content Highlights: "Shocked At PM's Silence": 13 Opposition Parties On Communal Tensions
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..