ന്യൂഡല്‍ഹി:   ഗവര്‍ണര്‍ പി സദാശിവത്തിനെതിരായ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രസ്താവന തള്ളിക്കളഞ്ഞ് കേന്ദ്രനേതൃത്വം. ഭരണഘടനാ സ്ഥാപനങ്ങളോട് എല്ലാവർക്കും ബഹുമാനം വേണമെന്നും ഗവര്‍ണറുടെ നടപടി ഭരണഘടന അനുസരിച്ചാണെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

 ബിജെപി നേതാക്കളുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറിയത് ചട്ടമനുസരിച്ചുള്ള നടപടിയാണെന്നും ഇത് അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ഉചിതമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയെനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ സ്ഥാനമൊഴിയണമെന്ന് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രസ്താവന തള്ളിക്കളഞ്ഞ് കേന്ദ്രനേതൃത്വം രംഗത്ത് വന്നത്.

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഗവര്‍ണര്‍ക്കെതിരെ ശോഭാസുരേന്ദ്രന്‍ രംഗത്ത് വന്നത്. കണ്ണൂരില്‍ ക്രമസമാധാന നില തകര്‍ന്നുവെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. പരാതി മുഖ്യമന്ത്രിക്ക് കൈമാറുിയ നടപടിയെ വിമര്‍ശിച്ചാണ് ശോഭാസുരേന്ദ്രന്‍ വിവാദമായ പ്രസ്താവന നടത്തിയത്.