കോഴിക്കോട്: പാര്‍ട്ടി വിടുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ താനിപ്പോഴും സജീവമാണെന്നും അവര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

മുരളീധരപക്ഷ നേതാവായ കൃഷ്ണകുമാര്‍ പാലക്കാട് ജില്ലയില്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ശോഭയെ അകറ്റി നിര്‍ത്തുകയാണെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ശോഭയെ മത്സരിപ്പിക്കാതിരിക്കാന്‍ നീക്കങ്ങള്‍ സജീവമാണെന്നും ഇതില്‍ പ്രതിഷേധിച്ച് അവര്‍ പാര്‍ട്ടി വിടുന്നുവെന്നുമായിരുന്നു വാര്‍ത്ത. 

ജനരക്ഷായാത്രയുടെ പാതി ഘട്ടത്തില്‍ അവര്‍ യാത്രയില്‍ നിന്ന് പിന്‍മാറിയതും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നതും പാര്‍ട്ടിയില്‍ നിന്നുള്ള പടിയിറക്കമായി ചിത്രീകരിച്ചാണ് വാര്‍ത്ത വന്നത്. 

എന്നാല്‍ ഇതെല്ലാം വാസ്തവ വിരുദ്ധമായ വാര്‍ത്തളാണെന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്. 
ജനരക്ഷാ യാത്രയ്ക്കിടെ കണ്ണൂരില്‍ വച്ച് തനിക്ക് പോലീസുകാരുടെ മര്‍ദ്ദനമേറ്റിരുന്നു. ബൂട്ടു കൊണ്ടുള്ള ചവിട്ടേറ്റുണ്ടായ മുറിവില്‍ പഴുപ്പ് വന്നതിനെ തുടര്‍ന്ന് താന്‍ എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ചികിത്സയും വിശ്രമമവും കഴിഞ്ഞ് നവംബര്‍ അഞ്ച് മുതലാണ് താന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. 

 ഒരു വാര്‍ത്ത നല്‍കുമ്പോള്‍ അതുമായി ബന്ധപ്പെട്ട ആളുടെ പ്രതികരണം ചോദിക്കുക എന്ന സാമാന്യമര്യാദ പോലും കാണിക്കാതെയാണ് ഈ വാര്‍ത്ത കൊടുത്തിരിക്കുന്നത് - ശോഭ പറയുന്നു