ലഖ്‌നൗ: കന്നുകാലിയെ കശാപ്പ് ചെയ്തുവെന്ന പ്രചരണത്തെ തുടര്‍ന്ന് യുപിയിലെ ബുലന്ദ്ഷഹറിലുണ്ടായ പ്രതിഷേധം കലാപമായി.

ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ഒരു പോലീസ് ഇന്‍സ്പെക്ടര്‍ അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. കല്ലേറിലാണ് പോലീസുകാരന്‍ കൊല്ലപ്പെട്ടത്. പ്രദേശവാസിയായ ഗ്രാമീണനാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ആള്‍.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് സുരക്ഷ ശക്തമാക്കി. അഞ്ച് കമ്പനി ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചു കഴിഞ്ഞു. ഗ്രാമത്തിന് പുറത്ത് വനപ്രദേശത്ത് പശുക്കളുടെ ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പശുവിനെ കശാപ്പ് ചെയ്തുവെന്ന ആരോപണവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയതോടെ പ്രതിഷേധം വ്യാപിക്കുകയായിരുന്നു. 25 ഓളം പശുക്കളുടെ ശരീര അവശിഷ്ടങ്ങളാണ്‌ കാണപ്പെട്ടത്. 

രാവിലെ 11 മണിയോടെ ചിത്രാവതി ക്രോസ്സിംഗിന് സമീപമാണ് നൂറുകണക്കിന് ആളുകള്‍ പ്രതിഷേധിക്കാനായി ഒത്തുചേര്‍ന്നത്. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പോലീസ് സംഘവുമായി ജനങ്ങള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നാണ് പോലീസിന് നേരെ ജനം കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഘം ചേര്‍ന്ന് വഴിതടയുന്നതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസുകാര്‍ സംഭവസ്ഥലത്തെത്തിയതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അനൂജ് ഝാ പറഞ്ഞു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം നടന്നത്. വഴിതടയാനുള്ള നീക്കം പോലീസ് തടഞ്ഞതാണ് പ്രകോപനത്തിന് വഴിവച്ചത്. തുടര്‍ന്ന് ജനങ്ങള്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു എന്നും അനൂജ് ഝാ പറഞ്ഞു.

content highlights: SHO Killed by Mob in Violence, mob lynching