ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍. വ്യാപം അഴിമതിയില്‍ പങ്കുണ്ടെന്ന് പാനമ പേപ്പറുകളില്‍ ശിവരാജ് സിങ് ചൗഹാന്റെയും കുടുംബത്തിന്റെയും പേരുണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം.
തനിക്കും കുടുംബത്തിനുമെതിരെ രാഹുല്‍ വ്യാജമായ ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് താനെന്നും ശിവ്രാജ് ചൗഹാന്‍ ട്വിറ്ററില്‍ കുറിച്ചു. ചൊവ്വാഴ്ച കേസ് ഫയല്‍ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. ബാലിശവും അവിശ്വസനീയവുമായ ആരോപണങ്ങള്‍ക്ക് നിയമത്തിലൂടെ രാഹുലിന് ശക്തമായ മറുപടി നല്‍കുമെന്ന് ചൗഹന്‍ പറഞ്ഞു.
തിങ്കളാഴ്ച ഇന്‍ഡോറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ചൗഹാനെതിരെ ആരോപണങ്ങളുടെ കെട്ടഴിച്ചത്. വ്യാപം അഴിമതിയെകുറിച്ചും 2016 ല്‍ ഉജ്ജയിനില്‍ നടന്ന കുംഭമേളയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചു. "അവര്‍ ധര്‍മത്തെ കുറിച്ച് പറയും പക്ഷെ അവരുടെ ധര്‍മം അഴിമതിയാണ്" എന്നും രാഹുല്‍ ബിജെപിക്കെതിരെ ശക്തമായി ആഞ്ഞടിച്ചു.
"വ്യാപം അഴിമതിയെ തുടര്‍ന്ന് അന്‍പതോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. സംസ്ഥാനത്തെ വിദ്യാഭ്യാസമേഖല പരിതാപകരമായ അവസ്ഥയിലാണ്. കുംഭമേളയിലെ വന്‍ സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും മോദി സിബിഐ തലവനെ മാറ്റി." രാഹുല്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
മറ്റൊരു റാലിക്കിടെയാണ് ചൗഹാന്റെ കുടുംബത്തിനെതിരെ രാഹുല്‍ ആരോപണം ഉന്നയിച്ചത്.