ഭോപ്പാല്‍: ഭാര്യാപിതാവിന്റെ മരണത്തെ തുടര്‍ന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കവിതയുടെ പേരില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെതിരെ പ്രതിപക്ഷാക്രമണം. ഭാര്യ സാധ്‌ന സിങ് രചിച്ച കവിതയെന്ന കുറിപ്പോടെ ചൗഹാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കവിത തന്റേതാണെന്ന അവകാശവാദവുമായി ഭൂമിക ബിര്‍താരെ എന്ന് എഴുത്തുകാരി രംഗത്തെത്തിയതോടെയാണ് ചൗഹാന്‍ പ്രതിപക്ഷത്തിന്റെ ആക്രമണത്തിനിരയായത്. 

നവംബര്‍ 18-നാണ് ചൗഹാന്റെ ഭാര്യാപിതാവ് ഘന്‍ശ്യാം ദാസ് മസാനി അന്തരിച്ചത്. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൗഹാന്‍ ഭാര്യാപിതാവിന് ആദരാഞ്ജലി അര്‍പിച്ച് 'ബാവുജി' എന്ന കവിതയുടെ ഏതാനും വരികള്‍ ട്വീറ്റ് ചെയ്തത്. ഭാര്യ എഴുതിയതാണെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു. 

ദിവസങ്ങള്‍ക്ക് ശേഷം കവിതയുടെ അവകാശം തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഭൂമിക ട്വീറ്റ് ചെയ്തു. 'ഡാഡി' എന്നാണ് കവിതയുടെ ശീര്‍ഷകമെന്നും ബാവുജി എന്നല്ലെന്നും ഭൂമിക പറയുന്നു. മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും ട്വീറ്റില്‍ ഭൂമിക ടാഗ് ചെയ്തിട്ടുണ്ട്. അച്ഛനോടുള്ള തന്റെ വികാരത്തോട് അനീതി കാണിക്കരുതെന്ന് ആവശ്യപ്പെടുന്നതിനൊപ്പം തന്റെ കവിത മോഷ്ടിക്കുന്നതു കൊണ്ട് എന്ത് നേട്ടമാണ് ലഭിക്കുന്നതെന്നും ഭൂമിക ചോദിക്കുന്നു. 

അച്ഛനെ നഷ്ടമായ വിഷമത്തിലാണ് താന്‍ ആ കവിത രചിച്ചതെന്നും ഫോണിന്റെ നോട്ട് പാഡില്‍ കുറിച്ച കവിതയില്‍ തീയതിയും സമയവും സൂചിപ്പിച്ചിട്ടുണ്ടെന്നും കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അത് ഷെയര്‍ ചെയ്തതായും ഭൂമിക പറഞ്ഞു. നവംബര്‍ 21-ന് കവിത ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതായും ഭൂമിക അറിയിച്ചു. 

പിന്നീട് തന്റെ ഒരു സുഹൃത്ത് മുഖ്യമന്ത്രിയുടെ ഭാര്യ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത കവിതയുടെ സ്‌ക്രീന്‍ഷോട്ട് അയച്ചിരുന്നെങ്കിലും താനത് അവഗണിച്ചതായും പിന്നീട് മുഖ്യമന്ത്രി തന്നെ അത് ഭാര്യയുടേതെന്ന പേരില്‍ പങ്കു വെച്ചപ്പോള്‍ പ്രതികരിക്കാതിരിക്കാനായില്ലെന്നും ഭൂമിക കൂട്ടിച്ചേര്‍ത്തു. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ താത്പര്യമില്ലെന്നും അവര്‍ അറിയിച്ചു. 

കോണ്‍ഗ്രസ് ഭരണകാലത്ത് നടപ്പിലാക്കിയ പല പദ്ധതികളും തങ്ങളുടേതാണെന്ന് അവകാശം സ്ഥാപിക്കുന്നതില്‍ ബി.ജെ.പിയ്ക്ക് പണ്ടേ വൈദഗ്ധ്യമുണ്ടെന്നും എന്നാലിപ്പോള്‍ മറ്റാരുടേയോ കവിത സ്വന്തം ഭാര്യയുടേതെന്ന പേരില്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ പ്രചരിപ്പിച്ചത് ശരിയായ നടപടിയല്ലെന്നും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ അരുണ്‍ യാദവ് വിമര്‍ശിച്ചു. വ്യക്തിപരമായ കാര്യമായതിനാല്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് ബി.ജെ.പി. വ്യക്തമാക്കി. 

 

Content Highlights: Shivraj Chouhan Trolled Over "Plagiarism" After He Shared "Poem By Wife"