ഭോപ്പാല്‍ (മധ്യപ്രദേശ്): നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പശുക്കളുടെ സംരക്ഷണത്തിനായി പുതിയ മന്ത്രാലയം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍. കന്നുകാലികള്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിനായി പ്രത്യേക വകുപ്പ് രൂപവത്കരിക്കുമെന്ന് ഞായറാഴ്ചയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള പശു സംരക്ഷണ ബോര്‍ഡിന് പകരം പൂര്‍ണ്ണ സ്വതന്ത്രമുള്ള പ്രത്യേക മന്ത്രാലയം രൂപവത്കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചൗഹാന്‍ അറിയിച്ചു.

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന കനത്ത വെല്ലുവിളിക്ക് പുതിയ പ്രഖ്യാപനം ഒരു പരിധിവരെ തടയിടാനാകുമെന്നാണ് ബിജെപി കരുതുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ സമാനമായ പ്രഖ്യാപനങ്ങള്‍ വരുംദിവസങ്ങളിലും ഉണ്ടായേക്കും. പശുക്കള്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കാന്‍ സ്വതന്ത്ര മന്ത്രാലയത്തിന് സാധിക്കുമെന്ന് ചൗഹാന്‍ അറിയിച്ചു.

പുതിയ മന്ത്രാലയം നിലവില്‍ വരുന്നതോടെ രാജ്യത്ത് പശുക്കള്‍ക്ക് പ്രത്യേക മന്ത്രാലയമുള്ള രണ്ടാമത്തെ സംസ്ഥാനമാകും മധ്യപ്രദേശ്. രാജസ്ഥാനിലാണ് ഇതിനു മുമ്പ് പശുക്കള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപവത്കരിച്ചിട്ടുള്ളത്.