ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറും തമ്മില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനേക്കുറിച്ച് നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഇപ്പോള്‍ കര്‍ണാടകത്തില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെ നടന്ന സംഭാഷണം വൈറലായതോടെയാണ് കര്‍ണാടക കോണ്‍ഗ്രസ് പുലിവാലു പിടിച്ചത്.

കോണ്‍ഗ്രസിന്റെ ബെംഗളൂരുവിലെ ഓഫീസില്‍ ഓക്ടോബര്‍ 31ന് നടന്ന അനുസ്മരണ പരിപാടിയുടെ വേദിയില്‍ ഇരുന്നുകൊണ്ട് സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ വീഡിയോയാണ് ബിജെപി പുറത്തുവിട്ടത്. ഇന്ദിരാ ഗാന്ധിയുടെ ചരമദിനം തന്നെയാണ് പട്ടേലിന്റെ ജന്മദിനവും. ഇന്ദിരാ അനുസ്മരണ പരിപാടിയില്‍ പട്ടേലിന്റെ ചിത്രം ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് സിദ്ധരാമയ്യ ശിവകുമാറിനോട് ചോദിക്കുന്നതും ശിവകുമാറിന്റെ മറുപടിയുമാണ് വീഡിയോയിലുള്ളത്.

'ഇന്ന് പട്ടേലിന്റെ ജന്മദിനമാണ്. അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും ഇവിടെ ഇല്ലേ?'- സിദ്ധരാമയ്യ ചോദിക്കുന്നു. 'ശരി സര്‍, ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആണ്. എന്നാല്‍ ഇന്ദിരാ അനുസ്മരണ പരിപാടിയില്‍ നമ്മള്‍ പട്ടേലിന്റെ ചിത്രം വെക്കാറില്ല', ശിവകുമാര്‍ മറുപടി പറയുന്നു. പിന്നാലെ, പട്ടേലിന്റെ ചിത്രം വെക്കാതിരുന്നാല്‍ അത് ബിജെപി ഉപയോഗപ്പെടുത്തുമെന്ന് സിദ്ധരാമയ്യ ശിവകുമാറിനെ ഓര്‍മപ്പെടുത്തുന്നു.

തുടര്‍ന്ന് ശിവകുമാര്‍ ഒരു ജീവനക്കാരനോട് വല്ലഭായ് പട്ടേലിന്റെ ചിത്രം കൊണ്ടുവരാന്‍ പറയുന്നു. സിദ്ധരാമയ്യയോട് പട്ടേലിന്റെ ചിത്രം കൊണ്ടുവരാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്യുന്നു. 'അതാണ് നല്ലത്', സിദ്ധരാമയ്യ മറുപടി നല്‍കുന്നു. പിന്നീട് പട്ടേലിന്റെ ചിത്രം കൊണ്ടുവന്ന് വേദിയില്‍ സ്ഥാപിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. 'കോണ്‍ഗ്രസിലെ അടിമകള്‍ ഇറ്റലിക്കാരിയെ വളരെയധികം ഭയക്കുന്നു എന്നത് ലജ്ജാകരമാണെ'ന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി ട്വീറ്റ് ചെയ്തു. നെഹ്‌റുവിന്റെ പരമ്പര സര്‍ദാര്‍ പട്ടേലിനെ എത്രമാത്രം ഭയപ്പെടുന്നു എന്നതിന് തെളിവാണ് ഈ വീഡിയോ എന്നും അദ്ദേഹം പറയുന്നു.

നേരത്തെയും നേതാക്കള്‍ തമ്മില്‍ നടത്തിയ സംഭാഷണം പുറത്തായതോടെ കോണ്‍ഗ്രസ് വിവാദത്തിലായിരുന്നു. ഡി.കെ ശിവകുമാറിനെക്കുറിച്ച് നടത്തിയ സംഭാഷണം വൈറലായതിനെ തുടർന്ന് രണ്ട് നേതാക്കള്‍ക്കെതിരേ പാർട്ടി നടപടിയെടുത്തിരുന്നു.

Content Highlights: Shivakumar 'persuaded' to install Sardar Patel's photo at Congress event