ബെംഗളൂരു: കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ കൈക്കൂലി വാങ്ങിയെന്നു സ്വകാര്യം പറയുന്ന വീഡിയോ പുറത്തുവന്നതിനേ തുടര്‍ന്ന് കര്‍ണാടക ഘടകം മാധ്യമ കോ-ഓര്‍ഡിനേറ്റര്‍ എം.എ. സലീമിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. എം.എ. സലീമിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ആറുവര്‍ഷത്തേക്കാണ് പുറത്താക്കിയത്. മുന്‍ കോണ്‍ഗ്രസ് എം.പി. വി.എസ്. ഉഗ്രപ്പയോട് മൂന്നുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസും നല്‍കി.

ഡി.കെ. ശിവകുമാര്‍ കൈക്കൂലി വാങ്ങുന്ന കാര്യം വ്യക്തമാക്കി എം.എ. സലീമും വി.എസ്. ഉഗ്രപ്പയും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നത് കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. കോണ്‍ഗ്രസ് വക്താവുകൂടിയായ വി.എസ്. ഉഗ്രപ്പ കെ.പി.സി.സി. ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിനു തൊട്ടുമുമ്പ് അടുത്തുവന്നിരുന്ന സലീം, ശബ്ദംതാഴ്ത്തി സംസാരിച്ചത് ക്യാമറയില്‍ പതിയുകയായിരുന്നു. 

ഡി.കെ. ശിവകുമാറിന് കൈക്കൂലി വാങ്ങാന്‍ ഒട്ടേറെ അടുപ്പക്കാരുണ്ടെന്ന് സംഭാഷണത്തില്‍ സലീം പറയുന്നു. ഇതിലൊരാള്‍ 50 കോടിമുതല്‍ നൂറുകോടി രൂപവരെ സമ്പാദിച്ചു. അയാള്‍ ഒരു കളക്ഷന്‍ ഏജന്റ് മാത്രമാണെന്നും സലീം പറയുന്നു. ഡി.കെ. ശിവകുമാറിനെ നമ്മള്‍ കെ.പി.സി.സി. പ്രസിഡന്റാക്കിയെന്നും അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത് ഇത്തരം കാരണങ്ങളാലാണെന്നും ഉഗ്രപ്പ മറുപടി പറയുന്നു. 

ചാനലുകളുടെ ക്യാമറകളും മൈക്കുകളും ഓണ്‍ ആയിരിക്കുമ്പോഴായിരുന്നു സംഭാഷണം. ഇവര്‍ അറിയാതെ റെക്കോഡ് ചെയ്യപ്പെട്ട സംഭാഷണം ബുധനാഴ്ച ബി.ജെ.പി. നേതാവ് അമിത് മാളവ്യയാണ് പുറത്തുവിട്ടത്. കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസര്‍ക്കാരില്‍ ഡി.കെ. ശിവകുമാര്‍ ജലസേചനമന്ത്രിയായിരിക്കെ നടന്ന അഴിമതിയെക്കുറിച്ചാണ് സലീം പറയുന്നതെന്നാണ് സൂചന.

Content Highlights: Shivakumar 'cut Money' Tape: Karnataka Congress Suspends Media Coordinator; Pulls Up Ex-MP