മുംബൈ: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ചിരുന്ന അദാനി ഗ്രൂപ്പിന്റെ ബോര്‍ഡുകള്‍ പൊളിച്ചുനീക്കി ശിവസേന പ്രവര്‍ത്തകര്‍. മുംബൈ വിമാനത്താവളത്തിന്റെ പേര് ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം എന്നാണെന്നും അത് മാറ്റാന്‍ അദാനി ഗ്രൂപ്പിന് അധികാരമില്ലെന്നും ശിവസേന പ്രവര്‍ത്തകര്‍ പറഞ്ഞു.

ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് അവരുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. വിമാനത്താവളത്തിലെ വി.ഐ.പി ഗേറ്റിനരികെയാണ് ബോർഡ് സ്ഥാപിച്ചിരുന്നത്.

അതിനിടെ, എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം എന്ന പേര് മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നും അദാനി എയര്‍പോര്‍ട്‌സ് ഹോള്‍ഡിങ് ലിമിറ്റഡ് (എഎഎച്ച്എല്‍) വക്താവ് പ്രതികരിച്ചു. വിമാനയാത്രികരുടെ സൗകര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രമാവും തുടര്‍ന്ന് പ്രവര്‍ത്തിക്കുകയെന്നും അവര്‍ വ്യക്തമാക്കി.

എന്നാൽ അദാനി ഗ്രൂപ്പ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നാലെ പേര് മാറ്റി എന്ന പരാതി ലഭിച്ചത് കൊണ്ടാണ് ഈ ബോർഡ് നിക്കം ചെയ്തതെന്ന് ശിവസേന പ്രവർത്തകർ പറയുന്നു.

ജൂലായിലാണ് മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം ജി.വി.കെ. ഗ്രൂപ്പിൽ നിന്നും അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. 74 ശതമാനം ഓഹരി വിഹിതം സ്വന്തമാക്കിയതോടെയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. 

Content highlights: Shiv Sena workers remove Adani Airport board in Mumbai Airport