മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന പ്രവര്‍ത്തകര്‍ ബി.ജെ.പി. നേതാവിനു മേല്‍ മഷിയൊഴിച്ചു. പ്രാദേശിക നേതാവ് ഷിരിഷ് കാടേക്കറിനെയാണ് ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയേ വിമര്‍ശിച്ചുവെന്ന് ആരോപിച്ചാണ് ശിവസേന പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിനു മേല്‍ മഷിയൊഴിച്ചത്. 

ശേഷം ഇവര്‍ ഷിരിഷിന്റെ ദേഹത്ത് സാരിചുറ്റിച്ച്  തെരുവിലൂടെ നടത്തിച്ചു. സോലാപുറിലാണ് സംഭവം. സേന പ്രവര്‍ത്തകരില്‍നിന്ന് ഷിരിഷിന് മര്‍ദനം ഏല്‍ക്കുകയും ചെയ്തു. അതിക്രമത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ. പുറത്തുവിട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെടുന്നതും സേന പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവവുമായി ബന്ധപ്പെട്ട് 17 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തുവെന്നും മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തുവെന്നും സോലാപുര്‍ പോലീസ് അറിയിച്ചു. 

തങ്ങളുടെ നേതാവിനെ കുറിച്ച് ഷിരിഷ് മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് മഷിയൊഴിച്ചതെന്ന് സംഭവത്തെ ന്യായീകരിച്ചു കൊണ്ട് സോലാപുറില്‍നിന്നുള്ള ശിവസേന നേതാവ് പുരുഷോത്തം ബാര്‍ദെ പറഞ്ഞു. സേനാ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഉദ്ധവ് പൂജനീയ വ്യക്തിത്വമാണ്. അദ്ദേഹത്തിന് എതിരായി എന്തെങ്കിലും പറഞ്ഞാല്‍ അത് ഞങ്ങള്‍ക്ക് സഹിക്കാനാവില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ജയിലില്‍ പോകാന്‍ തയ്യാറാണ്- പുരുഷോത്തം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

സംസ്ഥാനം ഭരിക്കാന്‍ ഉദ്ധവ് യോഗ്യനല്ല എന്നായിരുന്നു ഷിരിഷിന്റെ പരാമര്‍ശം. സാധാരണ സേന പ്രവര്‍ത്തകനെ മുഖ്യമന്ത്രിയാക്കുമെന്നു പറഞ്ഞ ഉദ്ധവ്, പിന്നീട് സ്വയം അധികാരം ഏറ്റെന്നും ഷിരിഷ് പറഞ്ഞിരുന്നു. ആക്രമണത്തെ വിമര്‍ശിച്ച് ബി.ജെ.പി. രംഗത്തെത്തി. സംഭവത്തെ ജംഗിള്‍ രാജ് എന്നാണ് ബി.ജെ.പി. വിശേഷിപ്പിച്ചത്.

content highlights: shiv sena workers pours ink at bjp leader in maharashtra