ന്യൂഡൽഹി: രാജ്യത്തിന് ആവശ്യമുള്ളപ്പോഴൊക്കെ ഹിന്ദുത്വത്തിന്റെ വാൾ ധരിച്ച് മുന്നോട്ടുവരാൻ തങ്ങൾ തയ്യാറാണെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത്. ശിവസേന ഇതുവരെയുള്ള കാലത്തും ഇനിയുള്ള കാലത്തും ഹിന്ദുത്വവാദം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായുള്ള വാക്പോരിന്റെ പശ്ചാത്തലത്തിലായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രസ്താവന.

ഞങ്ങൾക്ക് മറ്റൊരു പാർട്ടിയിൽനിന്നും ഹിന്ദുത്വത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. എല്ലായ്പോഴും ഞങ്ങൾ ഹിന്ദുത്വവാദികളായിരുന്നു, ഇനി ആയിരിക്കുകയും ചെയ്യും. ഞങ്ങൾ ബിജെപിയെപ്പോലെ ഹിന്ദുത്വ രാഷ്ട്രീയം കളിക്കുന്നവരല്ല. എപ്പോഴാണോ രാജ്യം ആവശ്യപ്പെടുന്നത് അപ്പോൾ ഹിന്ദുത്വത്തിന്റെ വാൾ അണിഞ്ഞ് മുന്നോട്ടുവരാൻ ശിവസേന എപ്പോഴും തയ്യാറാണ്, റാവത്ത് പറഞ്ഞു.

നവംബർ 16ന് മഹാരാഷ്ട്രയിലെ ആരാധനാലയങ്ങൾ തുറന്നുകൊടുക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഹിന്ദുത്വത്തിന്റെ വിജയമാണെന്ന് ബിജെപി പ്രസ്താവിച്ചിരുന്നു. എന്നാൽ ഇത് ആരുടെയെങ്കിലും വിജയമോ പരാജയമോ അല്ലെന്ന് റാവത്ത് പറഞ്ഞു. ആരാധനാലയങ്ങൾ അടച്ചിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമായിരുന്നു എന്നും അദ്ദേഹം ബിജെപിയെ ഓർമിപ്പിച്ചു.

രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്താനും ആരാധനാലയങ്ങൾ അടക്കം അടച്ചിടാനുമുള്ള തീരുമാനം പ്രധാനമന്ത്രിയുടേതായിരുന്നു. അതുകൊണ്ട് ഇക്കാര്യത്തിൽ തുറക്കുന്നതിന്റെ വിജയം ഹിന്ദുത്വത്തിന്റേതാണെന്ന് ബിജെപി പറയുന്നതിൽ ഒരു കാര്യവുമില്ല. ഇക്കാര്യത്തിലെ വിജയവും പരാജയവും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇവർക്ക് പറഞ്ഞുകൊടുക്കണം, സഞ്ജയ് റാവത്ത് പറഞ്ഞു.