മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദിന്റേയും ഫൈസാബാദിന്റേയും പേരുകള്‍ മാറ്റിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേരും മാറ്റണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്. ഔറംഗാബാദിന്റെ പേര് 'സംഭാജിനഗര്‍' എന്നും ഒസ്മാനാബാദിന്റെ പേര് 'ധരശിവ്' എന്നുമാക്കി മാറ്റണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരുക്കുന്നത്. 

മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യം പുതിയതല്ലെന്ന് ശിവസേന നേതാവ് മനീഷ കായന്ദേ പ്രതികരിച്ചു. വോട്ട്ബാങ്ക് രാഷ്ട്രീയം കാരണം കോണ്‍ഗ്രസും എന്‍സിപിയും തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെന്ന് അവര്‍ ആരോപിച്ചു. 

നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദിന്റേയും ഫൈസാബാദിന്റേയും പേരുകള്‍ യഥാക്രമം പ്രയാഗ്‌രാജ്, അയോധ്യ എന്നിങ്ങനെ മാറ്റിയിരുന്നു. അഹമ്മദാബാദിന്റെ പേര് കര്‍ണാവതി എന്നാക്കി മാറ്റാന്‍ ഗുജറാത്ത് സര്‍ക്കാര്‍ പദ്ധതിയിടുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.