മുംബൈ: മഹാരാഷ്ട്രയില്‍ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ കൂട്ടുകെട്ടായ ശിവസേന - ബി.ജെ.പി സഖ്യം ഔദ്യോഗികമായിത്തന്നെ വേര്‍പിരിഞ്ഞു. ഈ ആഴ്ച ആദ്യം മോദി മന്ത്രിസഭയില്‍ നിന്ന് പടിയിറങ്ങിയ ശിവസേന എന്‍.ഡി.എ യോഗം ബഹിഷ്കരിക്കും. രാജ്യസഭയില്‍ പാര്‍ട്ടി ഭരണപക്ഷത്ത് നിന്ന് മാറി പ്രതിപക്ഷത്ത് ഇരിക്കുമെന്നും നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി.
പാര്‍ലമെന്റിലെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ നടക്കുന്ന എന്‍ഡിഎ യോഗമാണ് ശിവസേന ബഹിഷ്കരിക്കാനൊരുങ്ങുന്നത്. ശിവസേനയുടെ രണ്ട് എം.പിമാരുടെ ഇരിപ്പിടം ഭരണപക്ഷത്ത് നിന്ന് മാറ്റിയതായും പാര്‍ട്ടി ഇനി പ്രതിപക്ഷത്ത് ഇരിക്കുമെന്നും രാജ്യസഭ എം.പി കൂടിയായ റാവത്ത് പറഞ്ഞു.
പുതിയ എന്‍.ഡി.എയും പഴയ എന്‍.ഡി.എയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് റാവത്ത് പറഞ്ഞു. ആരാണ് ഇന്നത്തെ എന്‍.ഡി.എയുടെ അധ്യക്ഷന്‍. അദ്വാനിയെ പോലുള്ള എന്‍.ഡി.എയുടെ സ്ഥാപകന്മാര് പലരും എന്‍.ഡി.എ വിടുകയോ സജീവമല്ലാതാകുകയോ ചെയ്തെന്നും റാവത്ത് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യങ്ങളാണ് മൂന്ന് പതിറ്റാണ്ടോളം തുടര്‍ന്ന ബി.ജെ.പി-ശിവസേന സഖ്യത്തെ വേര്‍പിരിച്ചത്.
എന്‍.ഡി.എയില്‍ നിന്ന് മാറിയ ശേഷം ശിവസേന രാഷ്ട്രീയ വൈരികളായിരുന്ന എന്‍.സി.പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കത്തിലാണ്. തിരഞ്ഞെടുപ്പിനുശേഷം ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനാല്‍ സംസ്ഥാനത്തിപ്പോള്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
content highlights: Shiv Sena To Sit In Rajya Sabha Opposition, Skip NDA Meet