മുംബൈ: എയര്‍ ഇന്ത്യ വിഷയത്തില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന. സാമ്പത്തിക ബാധ്യതയുടെ പേരില്‍ എയര്‍ ഇന്ത്യയെ വില്‍ക്കാനൊരുങ്ങുന്ന കേന്ദ്രം സുരക്ഷാച്ചിലവുകള്‍ മുന്‍നിര്‍ത്തി കശ്മീരിനെയും വില്‍ക്കുമോയെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ചോദിച്ചു.

'രാജ്യത്തിന്റെ അഭിമാനത്തിന്റെയും അഭിവൃദ്ധിയുടെയും ചിഹ്നമാണ് എയര്‍ ഇന്ത്യ. അത് വില്‍ക്കാനുള്ള തീരുമാനം കോണ്‍ഗ്രസ്സിന്റേതാണെങ്കില്‍ ബിജെപി ആ തീരുമാനത്തെ എതിര്‍ക്കേണ്ടതായിരുന്നു. ദേശീയ പൊതുഗതാഗത സംവിധാനം നടത്താന്‍ കഴിവില്ലാത്ത ബിജെപി എങ്ങനെയാണ് ഒരു രാജ്യത്തെ നയിക്കുക' എന്നും ഉദ്ധവ് താക്കറെ വിമര്‍ശിച്ചു.

'കടം 50,000 കോടി കവിഞ്ഞതിനാല്‍ എയര്‍ ഇന്ത്യയെ വില്‍ക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. നാളെ കശ്മീരിന്റെ സുരക്ഷയ്ക്കായി കൂടുതല്‍ ചിലവഴിക്കാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞ് കശ്മീരിനെയും വില്‍ക്കുമോ', ഉദ്ധവ് താക്കറെ ചോദിക്കുന്നു.

എയര്‍ ഇന്ത്യയുടെ ആസ്ഥാനം മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയതാണ് അതിന്റെ തകര്‍ച്ചയ്ക്ക് കാരണണെന്നും അദ്ദേഹം ആരോപിച്ചു