ലഖ്‌നൗ: ലഖിംപുര്‍ ഖേരി അക്രമസംഭവങ്ങളില്‍ കര്‍ഷകരെ പിന്തുണച്ച വരുണ്‍ ഗാന്ധിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കണമെന്ന് കര്‍ഷക സംഘടനകളോട് ശിവസേന. മുഖപത്രമായ 'സാമ്‌ന'യില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ശിവസേനയുടെ ആഹ്വാനം. 

ലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകരുള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ട അതിദാരുണമായ സംഭവം കണ്ടിട്ടും മറ്റ് എംപിമാരുടെ രക്തം തണുത്തുപോയെന്ന് സാമ്‌ന പറയുന്നു. വിദ്വേഷം പരത്താനുള്ള ശ്രമങ്ങള്‍ രാജ്യത്തിന് താങ്ങാനാവില്ല. വരുണ്‍ ഗാന്ധി മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചെറുമകനും സഞ്ജയ് ഗാന്ധിയുടെ മകനുമാണ്. ലഖിംപുരിലെ ഭീകരത കണ്ടപ്പോള്‍, അദ്ദേഹത്തിന്റെ രക്തം തിളച്ചു, അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. അനന്തരഫലത്തെക്കുറിച്ച് ചിന്തിക്കാതെ വരുണ്‍ ഗാന്ധി രാഷ്ട്രീയ ധൈര്യം കാണിക്കുകയും കര്‍ഷകരുടെ കൊലപാതകത്തെ അപലപിക്കുകയും ചെയ്തു. കര്‍ഷക നേതാക്കള്‍ വരുണ്‍ ഗാന്ധിയെ അഭിനന്ദിച്ച് ഒരു പ്രമേയം പാസാക്കണമെന്ന് മുഖപ്രസംഗം പറയുന്നു.

ലഖിംപുര്‍ വിഷയത്തെ അപലപിച്ച് വരുണ്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. അക്രമസംഭവം രാഷ്ട്രീയവത്കരിക്കുന്നത് അപകടകരമാണ്. ഖേരി വിഷയത്തെ ഹിന്ദു-സിഖ് യുദ്ധം ആക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ചെറുക്കണം. ഒരു തലമുറയുടെ സമയമെടുത്ത് ഉണക്കിയ മുറിവുകള്‍ വീണ്ടും കുത്തിപ്പഴുപ്പിക്കരുതെന്നും വരുണ്‍ ഗാന്ധി പ്രതികരിച്ചു.

കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച അദ്ദേഹം, കര്‍ഷകരെ കൊലപ്പെടുത്തി നിശബ്ദരാക്കാനാവില്ലെന്നും കുറിച്ചു. സ്വന്തം പാര്‍ട്ടി എംപിയുടെ ട്വീറ്റ് ബിജെപിയെ പ്രതിരോധത്തിലാക്കി. വരുണ്‍ ഗാന്ധിയെയും അമ്മയും മുന്‍മന്ത്രിയുമായ മേനക ഗാന്ധിയെയും നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കിയാണ് ബിജെപി തിരിച്ചടിച്ചത്.

Content Highlights: Shiv Sena's Message To UP Farmer Leaders urging to applaud Varun Gandhi