മുംബൈ: മഹാരാഷ്ട്രയിലെ ബിജെപിയെ പ്രതികുട്ടിലാക്കി സഖ്യകക്ഷിയായ ശിവസേനയുടെ ലഘുലേഖ.
മന്ത്രിസഭയിലെയും പാര്‍ട്ടിയിലെയും നേതാക്കള്‍ നടത്തിയ അഴിമതിയും കേസുകളും സംബന്ധിച്ച കുറ്റപ്പത്രമാണ് ലഘുലേഖയാക്കി പുറത്തിറക്കിയിരിക്കുന്നത്. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലാണ് ലഘുലേഖ വിതരണം ചെയ്തത്.
ഭൂമി കൈയേറ്റത്തിന് മുന്‍മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഏകനാഥ് ഖഡ്സെയും അനധികൃതമായി സ്കൂളുകള്‍ അനുവദിച്ചതിന് വിദ്യാഭ്യാസ മന്ത്രി വിനോദ് തവാഡെയും ദാല്‍ വാങ്ങിയതില്‍ അഴിമതി നടത്തിയ ഭക്ഷ്യ-പൊതുവിതരണ മന്ത്രിയും പ്രതികളാണെന്ന് ലഘുലേഖയില്‍ പറയുന്നു. വിഷ്ണു ശര്‍മ, പ്രവിന് ദാറേകര്, ജയകുമാര്‍ റാവല്‍, ചന്ദ്രശേഖര്‍ ഭവാന്‍കുളെ, രജിത്ത് പാട്ടീല്‍, സാംബാജി പാട്ടില്‍ നിലഖേഘര് എന്നി ഏഴ് മന്ത്രിമാര്‍ക്കെതിരെയും അഴിമതി ആരോപണങ്ങള്‍ ഉള്ളതായി ലഘുലേഖയില്‍ പറയുന്നു.
ശിവസേന ഭരിക്കുന്ന മുനിസിപ്പല്‍ കോര്പറേഷന് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കമ്പനികള്‍ക്ക് ബിജെപി കരാര്‍ നല്കിയതും അഴിമതിയായി ചൂണ്ടിക്കാട്ടുന്നു.
ബിജെപി കേന്ദ്രം ഭരിക്കുമ്പോള്‍ നടന്നിട്ടുള്ള അഴിമതികളും ലഘുലേഖയില്‍ ഇടംനേടിയിട്ടുണ്ട്. ശവപ്പെട്ടി തട്ടിപ്പ്, യെദ്യൂരപ്പയുടെ അഴിമതി എന്നിവയാണ് ദേശിയ അഴിമതി എന്ന പേരില്‍ പറഞ്ഞിരിക്കുന്നത്.
മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബിജെപിയുമായി ശിവസേന സഖ്യത്തിലാണ്. എന്നാല്‍, അടുത്തനാളായി മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന് പ്രതിപക്ഷത്തെക്കാള്‍ തലവേദനയാകുന്നത് സഖ്യകക്ഷിയായ ശിവസേനയാണ്.
സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിലൂടെ 2019 തിരഞ്ഞെടുപ്പിന് മുമ്പായി മുന്നണി വിടാനുള്ള നീക്കമാണ് ശിവസേന നടത്തുന്നതെന്നും വിലയിരുത്തലുകള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ നടന്ന പ്രദേശിക തിരഞ്ഞെടുപ്പില്‍ രണ്ട് പാര്‍ട്ടികളും സഖ്യമില്ലാതെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.
ശിവസേന ഒരേ സമയം ഭരണപക്ഷവും പ്രതിപക്ഷവുമായി പ്രവര്ത്തികയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കുറ്റപ്പെടുത്തിയിരുന്നു.