ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക് ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കറെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ശിവസേന തീരുമാനിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഊര്‍മിളയുമായി സംസാരിച്ചതായും നാമനിര്‍ദേശം ചെയ്യുന്നതിനെ അവര്‍ അനുകൂലിച്ചതായും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.

സംസ്ഥാന നിയമസഭയുടെ ഉപരിസഭയിലേക്ക് ഗവര്‍ണറുടെ ക്വാട്ടയില്‍ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള നിര്‍ദ്ദേശം മഹാരാഷ്ട്ര മന്ത്രിസഭ ചര്‍ച്ചചെയ്തതിന് തൊട്ടുപിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന. നിയമസഭയുടെ ഉപരിസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതിനായി 12 പേരുകള്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യും. 

ഊര്‍മിള മതോണ്ട്കറെ ശിവസേന വക്താവായി നിയമിക്കാനും സാധ്യതയുണ്ട്. നേരത്തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മുംബൈ നോര്‍ത്തില്‍ മത്സരിച്ച ഊര്‍മിള മതോണ്ട്കര്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെടുകയായിരുന്നു.

Content Highlights: Shiv Sena picks Urmila Matondkar for Legislative Council seat