മുംബൈ: വിചിത്രമായ പ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ ഇടംപിടിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ പുതുമയുള്ള കാര്യമല്ല. പലപ്പോഴും ശാസ്ത്രവിരുദ്ധവും ഒറ്റനോട്ടത്തില്‍ത്തന്നെ അസംബന്ധവുമായ കാര്യങ്ങള്‍ പൊതുവേദികളില്‍ വിളിച്ചുപറയാന്‍ പലര്‍ക്കും മടിയില്ല. വിചിത്രമായ ആവശ്യമുന്നയിച്ച് ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് ആണ് ഇപ്പോള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. കോഴി ഇറച്ചിയും മുട്ടയും അടക്കമുള്ളവ സസ്യഭക്ഷണമായി പ്രഖ്യാപിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യമാണ് കേള്‍ക്കുന്നവരില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നത്.

കോഴിയിറച്ചി സസ്യഭക്ഷണമാണോ സസ്യേതര ഭക്ഷണമാണോ എന്ന കാര്യം വ്യക്തമാക്കണമെന്ന് ആയുര്‍വേദം അടക്കമുള്ള ചികിത്സാ വിഭാഗങ്ങളുടെ ചുമതലയുള്ള ആയുഷ് മന്ത്രാലയത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയില്‍ ആയുര്‍വേദത്തിന്റെ പ്രയോജനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടയിലാണ് സഞ്ജയ് റാവത്തിന്റെ ഈ ആവശ്യം. കോഴിയിറച്ചി ആയുര്‍വേദത്തിന്റെ ഭാഗമായ ഔഷധമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

'ഒരിക്കല്‍ ഞാന്‍ നന്ദുര്‍ബറിലെ ഒരു ഗ്രാമം സന്ദര്‍ശിക്കുകയുണ്ടായി. ആദിവാസി വിഭാഗത്തില്‍പ്പെടുന്നവരുടെ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചു. ഏതു വിഭവമാണ് വളമ്പിയതെന്ന് ചോദിച്ചപ്പോള്‍, അത് ഒരു പ്രത്യേക തരം ആയുര്‍വേദ കോഴിയിറച്ചിയാണെന്ന് അവര്‍ പറഞ്ഞു.

ആയുര്‍വേദ രീതിയില്‍ വളര്‍ത്തിയെടുക്കുന്ന കോഴിയാണിതെന്നും അതിന്റെ ഇറച്ചി കഴിച്ചാല്‍ എല്ലാ വിധ രോഗങ്ങളില്‍നിന്നും മോചനം ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കി'- സഞ്ജയ് റാവത്ത് രാജ്യസഭയില്‍ പറഞ്ഞു. ഇതാണ് താന്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

സഞ്ജയ് റാവത്തിന്റെ വിചിത്രമായ ആവശ്യം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. ചിക്കന്‍ മാത്രമല്ല, മട്ടനും ബീഫും ആയുര്‍വേദ രീതിയില്‍ ഉല്‍പാദിപ്പിക്കാമെന്നും എന്നിട്ട് അവയും സസ്യഭക്ഷണമായി പ്രഖ്യാപിക്കണമെന്നും ചിലര്‍ പരിഹസിക്കുന്നു. കോഴിയും ആടും പശുവും അടക്കമുള്ളവയെ പണ്ടുകാലത്ത് ബലിയര്‍പ്പിക്കാറുണ്ടായിരുന്നെന്നും പ്രസാദമായി അവയുടെ ഇറച്ചി കഴിക്കാറുണ്ടായിരുന്നെന്നും മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Shiv Sena MP Sanjay Raut demands Chicken And Eggs Be Called Vegetarian