S Jaishankar | Photo: ANI
വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് സംബന്ധിച്ച അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി നല്കി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. റഷ്യയില്‍നിന്ന് ഇന്ത്യ ഒരു മാസം വാങ്ങുന്ന ഇന്ധനം, യൂറോപ്പ് അരദിവസം വാങ്ങുന്ന ഇന്ധനത്തേക്കാള്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടിയ ജയശങ്കര്‍ നിങ്ങള്‍ അങ്ങോട്ടാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും പറഞ്ഞു.
'നിങ്ങള്‍ എണ്ണ വാങ്ങുന്നതിനെപ്പറ്റി പരാമര്‍ശിച്ചത് ഞാന്‍ ശ്രദ്ധിച്ചു. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നോക്കുകയാണെങ്കില്‍, നിങ്ങളുടെ ശ്രദ്ധ യൂറോപ്പില്‍ കേന്ദ്രീകരിക്കണമെന്നാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്. ഞങ്ങളുടെ ഊര്‍ജ്ജ സുരക്ഷക്ക് ആവശ്യമായ ഇന്ധനം ഞങ്ങള്‍ വാങ്ങുന്നുണ്ട്. പക്ഷേ, കണക്കുകളില്‍ ചില പൊരുത്തക്കേടുകളുണ്ട്. ഞങ്ങള്‍ ഒരു മാസം വാങ്ങുന്നത് യൂറോപ്പ് ഒരു ദിവസം ഉച്ചയ്ക്ക് ശേഷം വാങ്ങുന്നതിനേക്കാള്‍ കുറവായിരിക്കും', ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യ അമേരിക്ക 2+2 കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജയശങ്കറിന്റെ മറുപടി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ തുടങ്ങിയവരും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ഇതിനിടെ ജയശങ്കറിനെ അഭിനന്ദിച്ചുകൊണ്ട് ശിവസേന രംഗത്തെത്തി. ജയശങ്കറിന്റെ മറുപടി വീഡിയോ പങ്കുവെച്ചുകൊണ്ട് ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി 'സൂപ്പര്‍' എന്ന് കുറിച്ചു.
Content Highlights: Shiv Sena MP on Jaishankar’s ‘less than Europe’ comeback on India’s Russian oil imports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..