ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാന്റെ കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) യ്‌ക്കെതിരെ പരാതിയുമായി ശിവസേന നേതാവ്. ആര്യന്റെ മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ശിവസേന നേതാവ് കിഷോര്‍ തിവാരി സുപ്രീം കോടതിയെ സമീപിച്ചു.

എന്‍.സി.ബി നടപടികള്‍ പ്രതികാരത്തിന്റെ ഭാഗമായുള്ളവയാണെന്നാണ് പരാതിയില്‍ പറയുന്നത്. ലഹരി വിരുദ്ധ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സി കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമാ, മോഡലിങ് മേഖലയിലുള്ളവരെയും മറ്റ് സെലിബ്രിറ്റികളേയും ബോധപൂര്‍വം ലക്ഷ്യമിടുകയാണ്. മുതിര്‍ന്ന എന്‍സിബി ഉദ്യോഗസ്ഥന്റെ ഭാര്യ സിനിമ രംഗത്ത് പരാജയപ്പെട്ടതാണ് പ്രതികാര ബുദ്ധിയോടെയുള്ള നീക്കത്തിന് പിന്നിലെന്നാണ് ആരോപണം.

സത്യം പുറത്തുകൊണ്ട് വരാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ എന്‍.സി.ബിക്ക് എതിരേ അന്വേഷണം വേണമെന്നും ശിവസേന നേതാവ് സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നു. എന്‍സിബി ഉദ്യോഗസ്ഥന്റെ ഭാര്യ സിനിമ മേഖലയിലെ മറ്റുള്ളവരില്‍നിന്ന് കടുത്ത മത്സരം നേരിടുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ ഭാര്യ മറാഠി സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ശിവസേനാ നേതാവിന്റെ ആരോപണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്‍.സി.ബി കസ്റ്റഡിയിലെടുത്ത ആര്യന്‍ ഖാന്‍ ഇപ്പോള്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ്. ഒക്ടോബര്‍ രണ്ടിന് മുംബൈ തീരത്ത് ആഡംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടിയില്‍ നിന്നാണ് ആര്യനേയും സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ആര്യന്‍ സ്ഥിരം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് എന്‍.സി.ബി പറയുന്നത്.

Content Highlights: shiv sena leader files complaint in SC against ncb