മുബൈ: ചലോ അയോദ്ധ്യ, ചലോ വാരാണസി റാലിയുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ തന്റെ യു.പി യാത്രയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പദ്ധതി വെളിപ്പെടുത്തുന്ന ചലോ അയോദ്ധ്യ, ചലോ വാരാണസി മുദ്രാവാക്യം ഉയര്‍ത്തുന്ന പോസ്റ്ററുകള്‍ മുംബൈയില്‍ ഉയര്‍ന്നത്. 

വര്‍ണ്ണാഭമായ പോസ്റ്ററുകളിലും ബാനറുകളിലും വില്ലുകുലച്ചു നില്‍ക്കുന്ന ശ്രീരാമന്റെയും ഗംഗ തീരത്തിന്റയും ചിത്രങ്ങളാണുള്ളത്. താക്കറെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള ചുവട് വെയ്പ്പാണെന്ന് താക്കറയോട് അടുത്ത് നില്‍ക്കുന്ന രാഷ്ട്രിയ വൃത്തങ്ങള്‍ പറയുന്നു.

താക്കറെയുടെ സന്ദര്‍ശനം രാഷ്ട്രീയ പ്രധാന്യമുള്ളതാണെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലം കൂടിയാണ് വാരാണസി. ബുധനാഴ്ച്ച ഉദ്ധവ് താക്കറെ അമ്പലനഗരമായ അയോദ്ധ്യയും വാരാണസിയും സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

ഞാന്‍ വാരാണസി, കാശി എന്നിവ സന്ദര്‍ശിക്കും അതിനു ശേഷം ഗംഗ ആരതിയില്‍ പങ്കെടുക്കുകയും ചെയ്യുമെന്നും ഗംഗാനദി ഇപ്പോള്‍ എത്രത്തോളം വൃത്തിയുള്ളതാണെന്ന് പരിശോധിക്കുമെന്നും താക്കറെ പാര്‍ട്ടി മുഖപത്രങ്ങളായ സാമനയ്ക്കും ദോപ്പര്‍ കാ സാമനയ്ക്കും കൊടുത്ത അഭിമുഖത്തില്‍ പറയുന്നു. 

രാമക്ഷേത്ര വിഷയം ഇപ്പോളും കഴിഞ്ഞിട്ടില്ല. രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബി.ജെ.പി പറയുന്നുണ്ട് എന്നാല്‍ എപ്പോള്‍ എന്നത് ആര്‍ക്കും അറിയില്ല. 2019 ല്‍ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുക രാമക്ഷേത്ര നിര്‍മ്മാണമായിരിക്കുമെന്നും താക്കറെ പറയുന്നു. 

അയോദ്ധ്യയില്‍ എത്തി റാലി അഭിസംബോധന ചെയ്തതിന് ശേഷം വാരാണസിയിലെത്തി ഗംഗാ തീരത്തെ ആരതിയില്‍ പങ്കെടുത്ത് കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രാത്ഥിച്ച ശേഷം താക്കറെ മടങ്ങുമെന്നാണ് ശിവസേനയുടെ രാജ്യസഭ എം.പി സഞ്ജയ് റൗത്ത് പറയുന്നത്.

റാലിയുടെ പോസ്റ്ററില്‍ ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറയുടെയും ഉദ്ധവ് താക്കറെ അദേഹത്തിന്റെ മകന്‍ ആദിത്യ താക്കറെ, പാര്‍ട്ടി സെക്രട്ടറി മിലിന്ദ് നര്‍വേക്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉണ്ട്.

Content Highlights: Shiv Sena, BJP, Chalo Ayodhya Chalo Varanasi, Udhav Thakkare