മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ശിവസേനയും ഓന്നിച്ചു പോരാടുമെന്നും മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടുമെന്നും ശിവസേന. ശിവസേന യുവനേതാവും ആദിത്യ താക്കറെയുടെ ബന്ധുവുമായ വരുണ്‍ സര്‍ദേശായിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം ഇരു പാര്‍ട്ടികളും പങ്കിടാന്‍ തീരുമാനിച്ചതെന്ന് വരുണ്‍ ട്വീറ്റ് ചെയ്തു. മറ്റുള്ളവര്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കായി സഖ്യത്തെ ഇല്ലാതാക്കരുതെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ശിവസേനയുടെ മുതിര്‍ന്ന നേതാക്കളാരും വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കും വിട്ടുനല്‍കാനാവില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയതായുള്ള വാര്‍ത്തകള്‍ വന്നിതിന് പിന്നാലെയാണ് വരുണ്‍ ഈ ട്വീറ്റ് ചെയ്തിരുക്കുന്നതെന്നും ശ്രദ്ധേയമാണ്. ഇക്കാര്യത്തെ സംബന്ധിച്ച് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിന് അമിത് ഷാ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം 135 സീറ്റുകള്‍ വീതം ബി.ജെ.പിയും ശിവസേനയും മത്സരിക്കുകയും ബാക്കി സീറ്റുകള്‍ മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കാനുമാണ് ബി.ജെ.പി നേതൃത്വത്തിന്റെ നിര്‍ദേശം. എന്നാല്‍ സംസ്ഥാനത്തെ ആകെ സീറ്റുകളുടെ പകുതിയായ 144 സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്നാണ് ശിവസേന നിലപാട്.

content highlights: Shiv Sena-BJP, Mharashtra, Amit shah, uddhav thackeray, Aditya Thackeray