പ്രധാനമന്ത്രി നരേന്ദ്രമോദി, ഷിൻസോ ആബെ | Photo: AFP
ന്യൂഡല്‍ഹി: ജപ്പാനുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക സ്ഥാനം വഹിച്ച വ്യക്തിയായിരുന്നു ഷിന്‍സോ ആബെ. ഇന്ത്യയുമായും മോദി സര്‍ക്കാരുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തിയ ആബെ ഇന്ത്യാക്കാര്‍ക്കും പ്രിയങ്കരനായ ലോകനേതാവായിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലം മുതല്‍ക്ക് ഷിന്‍സോ ആബെയുമായി നരേന്ദ്രമോദി സുദൃഢമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പല നയതന്ത്ര കാര്യങ്ങളിലും ഷിന്‍സോ ആബെ മോദിയുടെ ഉപദേശം തേടിയിരുന്നതായി നയന്ത്രവിദഗ്ധർ പറയുന്നു. ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇരു നേതാക്കളും നിരവധി തവണ പരസ്പരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
പല സാഹചര്യങ്ങളിലും ലോക വേദികളിലടക്കം ഇന്ത്യയ്ക്ക് ഷിന്‍സോ ആബെ ശക്തമായ പിന്തുണ നല്‍കിയിട്ടുണ്ട്. മഹത്തായ ഒരു രാജ്യത്തിന്റെ മികച്ച ഒരു നേതാവ് എന്നാണ് മോദിയെ ഷിന്‍സോ ആബെ വിശേഷിപ്പിച്ചത്.

ഔദ്യോഗിക ബന്ധത്തിനപ്പുറമുള്ള സൗഹൃദമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. ആബെ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം ജപ്പാനില്‍നിന്ന് ലഭിച്ചത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഷിന്‍സോ ആബെയ്ക്ക് 2021-ല്‍ ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
ഇന്ത്യയും ചൈനയും തമ്മിലുണ്ടായ പ്രശ്‌നങ്ങളുടെ സാഹചര്യത്തിലും ആബെ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജപ്പാനുമായി ചൈന അകലാന്‍ കാരണംതന്നെ ഇതാവാമെന്നും ആഗോള നയതന്ത്ര നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. 2007-07 കാലത്തില്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ഷിന്‍സോ ആബെ പാര്‍ലമെന്റിനേയും അഭിസംബോധനചെയ്ത് സംസാരിച്ചിരുന്നു.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനായി സ്‌പെഷ്യല്‍ സ്ട്രാറ്റജിക് ആന്റ് ഗ്ലോബല്‍ പാര്‍ട്ട്ണര്‍ഷിപ്പ് പ്രഖ്യാപിച്ചത് 2014-ലാണ്. ഇന്ത്യന്‍ റിപ്പബ്ലിക് ദിന പരേഡില്‍ ആദ്യമായി പങ്കെടുത്ത ജപ്പാന്‍ പ്രധാനമന്ത്രിയാണ് ഷിന്‍സേ ആബെ. 2014ല്‍ തന്നെയായിരുന്നു ഇത്.

2015ലെ ഷിന്‍സോ ആബെയുടെ സന്ദര്‍ശനത്തിലാണ് ജപ്പാന്‍-ഇന്ത്യ വിഷന്‍ 2025 പ്രഖ്യാപിച്ചത്. അന്ന് മോദിയുടെ മണ്ഡലമായ വാരാണസിയില്‍ ഷിന്‍സോ സന്ദര്‍ശനം നടത്തി. 2017ലാണ് ഷിന്‍സോ ആബെ അവസാനമായി ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയത്. അന്ന് മോദിക്കൊപ്പം അഹമ്മദാബാദില്‍ ഷിന്‍സോ നടത്തിയ റോഡ് ഷോ ചരിത്രമാണ്. ഏറ്റവും കൂടുതല്‍ തവണ ഇന്ത്യ സന്ദര്‍ശിച്ച ജപ്പാന്‍ പ്രധാനമന്ത്രി എന്ന സ്ഥാനവും ഷിന്‍സോ ആബെയ്ക്കാണുള്ളത്.
ലോകനേതാക്കള്‍ എന്നതിലുപരി ഉറ്റ സുഹൃത്തുക്കള്‍ എന്ന ബന്ധം കൂടിയാണ് മോദിയും ഷിന്‍സോ ആബെയും തമ്മിലുള്ളത്. അതുകൊണ്ടുതന്നെ ആബെയ്ക്ക് വെടിയേറ്റ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ മോദി ഞെട്ടലും ദുഃഖവും രേഖപ്പടുത്തുകയും ഷിന്‍സോ ആബെയ്‌ക്കൊപ്പമുള്ള ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തത്. ഷിന്‍സോയുടെ വിടപറയലിലൂടെ ജപ്പാന് നഷ്ടപ്പെടുന്നത് ആ രാജ്യത്തിന്‍റെ ചരിത്രംതന്നെ മാറ്റിക്കുറിച്ച നേതാവിനെയാണെങ്കില്‍ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത് പ്രിയങ്കരനായ ഒരു ലോക നേതാവിനെയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..