ഷെല്ലി ഒബ്‌റോയ് | Photo : PTI
ന്യൂഡല്‍ഹി: എഎപി-ബിജെപി തര്‍ക്കങ്ങളെ തുടര്‍ന്ന് മൂന്ന് തവണ മാറ്റിവെക്കേണ്ടി വന്ന മേയര്‍ തിരഞ്ഞെടുപ്പിനൊടുവില്‍ എഎപി വിജയം നേടുമ്പോള്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമാകുകയാണ് 39 കാരിയായ ഷെല്ലി ഒബ്‌റോയ്. ഡല്‍ഹിയുടെ ആദ്യവനിതാമേയറാണ് ഷെല്ലി ഒബ്‌റോയ്.
ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ അധ്യാപികയായ ഷെല്ലിയുടെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള കന്നി വിജയമാണിത്. ഡിസംബര്‍ എട്ടിന് നടന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് പട്ടേല്‍ നഗര്‍ വാര്‍ഡില്‍ നിന്നാണ് ഷെല്ലി ഒബ്‌റോയ് വിജയം നേടിയത്.
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ രേഖ ഗുപ്തയെ 34 വോട്ടുകള്‍ക്കാണ് ഷെല്ലി പരാജയപ്പെടുത്തിയത്. ഷെല്ലി 150 വോട്ടുകള്‍ നേടിയപ്പോള്‍ രേഖ ഗുപ്തയ്ക്ക് 116 വോട്ടുകളാണ് ലഭിച്ചത്. ശുചിത്വമുള്ള, സുന്ദരമായ ഒരു ഡല്‍ഹിയാണ് ഡല്‍ഹിയിലെ ജനങ്ങളുടെ ഏറ്റവും വലിയ സ്വപ്‌നമെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ച് ആ സ്വപ്‌നം സാക്ഷാത്കരിക്കുമെന്നും തന്റെ ആദ്യ അഭിസംബോധനാപ്രസംഗത്തില്‍ മേയര്‍ പറഞ്ഞു.
2013 മുതലാണ് ഷെല്ലി ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകയാകുന്നത്. 2020-ല്‍ പാര്‍ട്ടിയുടെ മഹിളാ മോര്‍ച്ച ഉപാധ്യക്ഷയുമായി. ലിങ്ഡ്ഇന്‍ പ്രൊഫൈല്‍ അനുസരിച്ച് ഇന്ത്യന്‍ കൊമേഴ്‌സ് അസോസിയേഷനില്‍ ലൈഫ്‌ടൈം മെമ്പറാണ് ഷെല്ലി ഒബ്‌റോയ്.
ഇന്ദിര ഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. കോഴിക്കോട് ഐഐഎമ്മില്‍ ഷെല്ലി ഒരുകൊല്ലത്തെ മനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഡല്‍ഹി സര്‍വകലാശാല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറായി പ്രവര്‍ത്തിച്ചു. പ്രവര്‍ത്തനമികവിന് നിരവധി പുരസ്‌കാരങ്ങളും ഷെല്ലിയെ തേടിയെത്തിയിട്ടുണ്ട്.
ബിസിനസുകാരനായ സതീഷ് കുമാറാണ് ഷെല്ലിയുടെ അച്ഛന്‍. അമ്മ സരോജ്. ഷെല്ലിയ്ക്ക് ഒരു സഹോദരനും സഹോദരിയുമുണ്ട്.
Content Highlights: Shelly Oberoi AAP Leader Elected Delhi Mayor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..