ന്യൂഡല്‍ഹി: ആര്‍എസ്എസിനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കുമെതിരേ ഗുരുതര ആരോപണവുമായി ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹ്‌ല റാഷിദ്. ആര്‍എസ്എസും നിതിന്‍ ഗഡ്കരിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതി തയാറാക്കുകയാണെന്നാണ് ഷെഹ്‌ല ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ആര്‍എസ്എസും നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് മോദിയെ വധിച്ചശേഷം മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും കുറ്റക്കാരാക്കാനും അതിന്റെ പേരില്‍ മുസ്ലിങ്ങളെ പീഡിപ്പിക്കാനുമാണ് ശ്രമിക്കുന്നതാണെന്നായിരുന്നു ഷെഹ്‌ലയുടെ ട്വീറ്റ്. 'രാജീവ് ഗാന്ധി സ്റ്റൈല്‍' എന്ന ഹാഷ് ടാഗോടെയായിരുന്നു ഷെഹ്‌ലയുടെ ട്വീറ്റ്. 

ഇതിനിടെ, ഹെഹ്‌ലയുടെ ട്വീറ്റിന് മറുപടിയുമായി നിതിന്‍ ഗഡ്കരി രംഗത്തെത്തി. പ്രധാനമന്ത്രിയെ വധിക്കാന്‍ താന്‍ ഗൂഢാലോചന നടത്തിയെന്ന പ്രചാരണം നടത്തുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗഡ്കരി ട്വീറ്റ് ചെയ്തു. പരിഹാസ രൂപേണയുള്ള തന്റെ ട്വീറ്റിനോട് അതിവൈകാരികമായാണ് ഗഡ്കരി പ്രതികരിക്കുന്നതെന്ന് ഷഹ്‌ല റാഷിദ് മറുപടിയായി ട്വീറ്റ് ചെയ്തു. 

രാജീവ് ഗാന്ധി വധത്തിന്റെ മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വധിക്കുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭീമാ-കൊറേഗാവ് കലാപവുമായി ബന്ധമുള്ള അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.