ന്യൂഡല്‍ഹി: സര്‍ക്കാരിലുളള സ്വാധീനം ഉപയോഗപ്പെടുത്തി അനധികൃതമായ നേട്ടങ്ങള്‍ ഉണ്ടാക്കിയതായി  ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ദി വയറിന്റെ ആരോപണങ്ങള്‍ക്ക് പ്രതികരണവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവല്‍. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ കോടതിയില്‍ അത് തെളിയിക്കാന്‍ കൂടി ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഡിടിവി അഭിമുഖത്തിലാണ് ശൗര്യ ഡോവല്‍ പ്രതികരണം നടത്തിയത്.

രാഷ്ട്രീയ സംവാദങ്ങളില്‍ ആര്‍ക്കും എന്തും പറയാനുള്ള അധികാരമുണ്ട്. അതാണ് ജനാധിപത്യം. എന്നാല്‍, ഉന്നയിക്കുന്ന ആരോപണങ്ങള്‍ കോടതിയില്‍ തെളിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാനും അവര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി ഇത്തരം കാര്യങ്ങളെ നിയമപരമായി നേരിടാനാണ് ഉദ്ദേശിക്കുന്നത്, ജയ് ഷായുടെ കാര്യത്തില്‍ ചെയ്തതുപോലെ. ബിജെപി അഴിമതി നടത്തി എന്ന് പ്രതിപക്ഷം വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ കോടതിയെ സമീപിക്കട്ടെ- അദ്ദേഹം പറഞ്ഞു. എന്നാല്‍, തനിക്കെതിരായ ആരോപണത്തില്‍ നിയമ നടപടി സ്വീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, വാണിജ്യ മന്ത്രി സുരേഷ് പ്രഭു, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, വിദേശകാര്യ സഹമന്ത്രി എം. ജെ അക്ബര്‍ എന്നിവര്‍ ഇന്ത്യ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്. ശൗര്യ ഡോവല്‍ മുഖ്യനടത്തിപ്പുകാരനായ ഇന്ത്യ ഫൗണ്ടേഷനെ കേന്ദ്രീകരിച്ചായിരുന്നു വയര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. 

ഇന്ത്യ ഫൗണ്ടേഷനിലേക്ക് വിദേശ ആയുധ കമ്പനികളില്‍ നിന്നടക്കം കോടിക്കണക്കിന് രൂപ സംഭാവനയായി എത്തിയിട്ടുണ്ടെന്നും ഇതില്‍ കേന്ദ്രസര്‍ക്കാരുമായി വിമാനങ്ങളും ആയുധങ്ങളും വില്‍ക്കാന്‍ കരാര്‍ ഒപ്പിട്ട കമ്പനികള്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ ആയുധ കമ്പനികള്‍, വിമാനകമ്പനികള്‍ എന്നിവയില്‍ നിന്നെല്ലാം ഫൗണ്ടേഷന്‍ സംഭാവന സ്വീകരിക്കുകയും, ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സെമിനാറുകള്‍, മറ്റു പരിപാടികള്‍ എന്നിവയുടെ സ്പോണ്‍സര്‍ഷിപ്പ് വിദേശ കമ്പനികള്‍ ഏറ്റെടുക്കുകയും ചെയ്തു. വളരെ പെട്ടെന്നാണ് ആഗോളകോര്‍പ്പറേറ്റുകളില്‍ നിന്ന് സംഭാവന ലഭിക്കുവാന്‍ തക്ക സ്വാധീനം ഫൗണ്ടേഷന്‍ നേടിയത്. ഇത് കേന്ദ്രസര്‍ക്കാരിന്റെ നയരൂപീകരണത്തിലുള്ള നിര്‍ണായക സ്വാധീനം മൂലമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയ ശൗര്യ ഡോവലിന്റെ ജെമിനി ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് എന്ന കമ്പനി പ്രതിരോധ/വ്യോമയാന വകുപ്പുകളുമായി ബന്ധപ്പെട്ട ആയുധ-വിമാനകച്ചവടങ്ങളില്‍ ഇടപെടല്‍ നടത്തുന്നുവെന്നും വയര്‍ ആരോപിക്കുന്നു.

എന്നാല്‍ ഇന്ത്യ ഫൗണ്ടേഷന്റെ ജേര്‍ണലുകളും മാഗസിനുകളും വിറ്റു ലഭിക്കുന്ന വരുമാനവും, പരസ്യങ്ങളും, യോഗങ്ങളും വഴി കിട്ടുന്ന വരുമാനവുമാണ് ഫൗണ്ടേഷന്റെ സാമ്പത്തിക സ്രോതസ്സ് എന്നാണ് ശൗര്യ ഡോവല്‍ പറഞ്ഞിരുന്നത്.