ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിമത ബി.ജെ.പി നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് സിന്‍ഹ മത്സരിക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ മുന്‍ സിനിമാ താരം കൂടിയായ സിന്‍ഹ ബി.ജെ.പി വിടുമെന്നും, സ്ഥാനാര്‍ത്ഥിയായാല്‍ മോദിക്ക് വാരണാസി എളുപ്പമാകില്ലെന്നുമാണ് സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ കണക്കുകൂട്ടുന്നത്.

കഴിഞ്ഞ കുറച്ചുകാലമായി കടുത്ത മോദി വിമര്‍ശകനാണ് ശത്രുഘ്‌നന്‍ സിന്‍ഹ. വാരണാസിയിലെ പ്രമുഖ സമുദായമായ കയാസ്ത വിഭാഗക്കാരില്‍ ശത്രുഘ്‌നന്‍ സിന്‍ഹക്ക് ഉള്ള സ്വാധീനവും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. 

സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വാരണാസി സീറ്റില്‍ വിജയം ഉറപ്പിക്കാനായി എ.എ.പി പിന്തുണ തേടാനും എസ്.പി നേതാക്കന്മാര്‍ ശ്രമിക്കുന്നുണ്ട്. എ.എ.പി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിയില്‍ വാരണാസിയില്‍ രണ്ടാമതെത്തിയത്.

കഴിഞ്ഞ ദിവസം ലക്‌നൗവില്‍ സമാജ് വാദി പാര്‍ട്ടി സംഘടിപ്പിച്ച ജയ്പ്രകാശ് നാരായണ്‍ അനുസ്മരണ ചടങ്ങില്‍ ശത്രുഘ്‌നന്‍ സിന്‍ഹയും യശ്വന്ത് സിന്‍ഹയും പങ്കെടുത്തിരുന്നു. ചടങ്ങില്‍ സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിനോടൊപ്പമാണ് ഇരുവരും വേദി പങ്കിട്ടത്.

content highlights:  Shatrughan Sinha is likely to contest Lok Sabha elections against Narendra Modi on varanasi