ന്യൂഡല്‍ഹി: ഇരുപത് എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് പിന്നാലെ സമ്മര്‍ദ്ദത്തിലായ ആം ആദ്മി പാര്‍ട്ടിയേയും അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനേയും പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. 

നിലവിലെ പ്രതിസന്ധിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ ശത്രുഘ്‌നന്‍ സിന്‍ഹ സ്ഥാപിത താല്‍പര്യങ്ങളുള്ള രാഷ്ട്രീയ കളികള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്ന് അഭിപ്രായപ്പെട്ടു. എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍ വിഷമിക്കേണ്ടതില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ട്വിറ്ററിലൂടെയായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രതികരണം. 

എല്ലായിടത്തും നിങ്ങളാണിപ്പോള്‍ ചര്‍ച്ചാ വിഷയം, പിന്നെന്തുകൊണ്ടാണ് നിങ്ങള്‍ ആശങ്കാകുലരാവുന്നത്. എത്രയും പെട്ടന്ന് ആം ആദ്മിക്ക് നീതി ലഭിക്കട്ടേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ചില രാഷ്ട്രീയക്കളികള്‍ക്ക് തങ്ങള്‍ ഇരകളായി എന്നതിന്റെ ഫലമാണ് ആം ആദ്മി എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം ആം ആദ്മി നേതൃത്വം ആരോപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയെ പിന്തുണച്ച് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയത്. 

ഇരട്ടപ്പദവി ആരോപണത്തെ തുടര്‍ന്നാണ് എഎപിയുടെ ഡല്‍ഹിയിലെ 20 എംഎല്‍എമാരെ അയോഗ്യരാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.  കമ്മീഷന്റേത് ഏകപക്ഷീയവും പക്ഷാപാത പരവുമാണെന്നും പാര്‍ട്ടിയുടെ ഭാവി ജനങ്ങള്‍ തീരുമാനിക്കുമെന്നുമായിരുന്നു കമ്മീഷന്‍ നടപടിയോട് ആം ആദ്മി നേതൃത്വത്തിന്റെ പ്രതികരണം. നീതി തേടി ഞങ്ങള്‍ ജനങ്ങളിലേക്ക് തന്നെയാണ് ഇറങ്ങുന്നത്, തിരഞ്ഞെടുപ്പിനെ ഞങ്ങള്‍ ഭയക്കുന്നില്ലെന്നും എഎപി നേതാവ് ഗോപാല്‍ റായ് പ്രതികരിച്ചു.